06
Aug 2021
Friday

ഇനി സ്‌പേസ് ടൂറിന്റെ കാലം; 600 പേർ ടിക്കറ്റെടുത്ത് ക്യൂവിൽ: റിച്ചാർഡ് ബ്രാൻസൺ

‘അടുത്ത ഏതാനും വർഷത്തിനിടെ ആയിരക്കണക്കിന് ബഹിരാകാശ യാത്രികരെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആകാശത്തിന്റെ ഉയരങ്ങളിലിരുന്ന് ഭൂമിയുടെയും കോടാനുകോടി നക്ഷത്രങ്ങളുടെയും മനോഹാരിത ആസ്വദിക്കാനുള്ള നിരവധി പേരുടെ സ്വപ്നം അങ്ങനെ സാധ്യമാകും. അൽപ്പ നേരമെങ്കിലും അവർക്ക് ഭാരമായില്ലായ്‌മ എന്ന അവസ്ഥ ആസ്വദിക്കാൻ കഴിയും’. 2004 ൽ വിർജിൻ ഗാലക്റ്റിക് എന്ന സ്പേസ് ഫ്ലൈറ്റ് കമ്പനി ആരംഭിക്കുമ്പോൾ കമ്പനിയുടെ ലക്ഷ്യത്തെ കുറിച്ച് റിച്ചാർഡ് ബ്രാൻസൺ വ്യക്തമാക്കി.

പല പ്രതിസന്ധികൾ കാരണം കമ്പനിയുടെ ലക്ഷ്യ പ്രാപ്‍തി കുറച്ച് നീണ്ടുപോയെങ്കിലും പതിനേഴ് വർഷങ്ങൾക്ക് ഇപ്പുറം തന്റെ ലക്‌ഷ്യം കൈവരിച്ചിരിക്കുകയാണ് റിച്ചാർഡ് ബ്രാൻസൺ. മൂന്ന് മിനിറ്റ് നേരത്തെ ഭാരമില്ലായ്‌മയും ആസ്വദിച്ച് തൻറെ പതിനൊന്ന് മിനിറ്റ് ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയിൽ തിരിച്ചെത്തിയ ബ്രാൻസൺ ബഹിരാകാശ വിനോദസഞ്ചാര മേഖലയിൽ പുതിയൊരു അധ്യായമാണ് എഴുതി ചേർത്തത്.

ഇന്ത്യൻ വംശജയായ സിരിഷ ബാൻഡ്‌ല അടക്കം ആറംഗ സംഘമാണ് ഈ ചരിത്ര പ്രധാന യാത്ര നടത്തിയത്. വിനോദസഞ്ചാരമെന്ന നിലയിൽ ബഹിരാകാശത്ത് എത്തുന്ന ആദ്യ സംഘവും ഇവർ തന്നെയാണ്. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം എന്നാണ് ബ്രാൻസണിന്റെ പ്രതികരണം.

ദിവസേന ബഹിരാകാശ യാത്ര വിമാനങ്ങൾ ഉണ്ടാകുമെന്നാണ് വിർജിൻ ഗാലക്‌റ്റിക് അറിയിച്ചത്. വർഷത്തിൽ നാന്നൂറോളം വിമാനങ്ങൾ പരത്തുക എന്നതാണ് ലക്‌ഷ്യം. ഇപ്പോൾ തന്നെ ബഹിരാകാശ ടൂറിസം ആളുകൾക്കിടയിൽ വലിയൊരു ചർച്ചയായി മാറിയിട്ടുണ്ട്. അറുപത് രാജ്യങ്ങളിൽ നിന്നായി ഏകദേശം അറുന്നൂറോളം പേർ ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഇതിൽ ലോകത്തിലെ സമ്പന്നരും സെലിബ്രിറ്റികളും ഉൾപ്പെടുന്നു. രണ്ട് ലക്ഷം മുതൽ രണ്ടര ലക്ഷം ഡോളർ വരെയാണ് ടിക്കത്തിന്റെ വില. ബുക്കിങ്ങിനായി 10,000 ഡോളർ നൽകണം. ബഹിരാകാശം എല്ലാവർക്കും സ്വന്തമാണ് എന്നാൽ നിലവിൽ സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമേ ഇത് ആസ്വദിക്കാനാവു എന്ന് ബ്രാൻസൺ പറഞ്ഞു. എങ്കിലും ചിലവ് കുറഞ്ഞ രീതിയിൽ ബഹിരാകാശ യാത്രയ്ക്കുള്ള അവസരം ഒരുക്കുമെന്നും ബ്രാൻസൺ ഉറപ്പ് നൽകി.

സ്‌പേസ് എക്‌സ് ബഹിരാകാശവിനോദസഞ്ചാരത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടയിലും എലോണ്‍ മസ്‌ക് വെര്‍ജിന്‍ ഗാലക്റ്റികില്‍ ടിക്കറ്റ് ബുക്ക് ചെയ്തതായി ബ്രാന്‍സണ്‍ അറിയിച്ചു. എലോണ്‍ മസ്‌ക് തന്റെ സുഹൃത്താണെന്നും ഭാവിയില്‍ ചിലപ്പോള്‍ താന്‍ സ്‌പേസ് എക്‌സിന്റെ വിമാനത്തില്‍ ബഹിരാകാശ യാത്ര നടത്തുമെന്നും ഞായറാഴ്ച ഒരഭിമുഖത്തിനിടെ ബ്രാന്‍സണ്‍ പറഞ്ഞു.

ലോകത്തിലെ സമ്പന്ന വ്യവസായികളുടെ പുതിയ ഹരമാണ് ബഹിരാകാശ ടൂറിസം. ബ്രാൻസണിന് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ട് ജെഫ് ബെസോസ് ട്വീറ്റ് ചെയ്തിരുന്നു. ജൂലൈ 20 നാണ് ബെസോസിന് ബ്ലൂ ഒറിജിൻ കമ്പനി ബഹിരാകാശ പുറപ്പെടുന്നത്. തങ്ങളുടെ കമ്പനി നൽകുന്ന യാത്ര അനുഭവങ്ങളെ കുറിച്ചുള്ള ഇൻഫോഗ്രാഫിക്കും ബ്ലൂ ഒറിജിൻ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഭൂമിക്ക് പുറമെ ആകാശത്തും വ്യവസായ ഭീമന്മാർ ആധിപത്യത്തിന് ഒരുങ്ങുകയാണ്. സാധാരണക്കാർക്കും ബഹിരക്ഷ യാത്ര സാധ്യമാകുന്ന വരും കാലത്തിനായി നമുക്ക് കാത്തിരിക്കാം.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top