Advertisement

കൂടിക്കാഴ്ച സൗഹാർദപരം; വികസന പദ്ധതികൾക്ക് കേന്ദ്ര പിന്തുണ ഉറപ്പ് നൽകി; മുഖ്യമന്ത്രി

July 13, 2021
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കായഴ്ച സൗഹാർദപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രം പൂർണ പിന്തുണ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടശേഷം സംസാരിക്കുകയാരിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ അഭിമാന പദ്ധതിയായ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉൾനാടൻ ജലഗതാഗത സാധ്യതകളിൽ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചതായും ഈ പദ്ധതികൾ അതിവേഗം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൻ്റെ വികസനകാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയെക്കുറിച്ച് വിശദമായി അദ്ദേഹം ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. കേരളം സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

4500 കോടിയുടെ ജിഎസ്ടി കോംപൻസേഷൻ അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിൻ്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. അങ്കമാലി – ശബരി റെയിൽപാത പദ്ധതി നടപ്പാക്കാൻ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിൻ്റെ എൺപത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വേ​ഗത്തിൽ തന്നെ ആ പദ്ധതി ആരംഭിക്കണമെന്നും പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതർ തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഒരു വിമാനത്താവളം വരേണ്ടതിൻ്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ആ വിമാനത്താവള പദ്ധതിക്ക് പെട്ടെന്ന് തന്നെ അം​ഗീകാരം നൽകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തലശ്ശേരി-മൈസൂർ റെയിൽവേ പദ്ധതിയുടെ ​ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാന സർവ്വീസ് ഉറപ്പാക്കണം. ഇതിനായി കണ്ണൂരിനെആസിയാൻ ഓപ്പൺസ്കൈ പദ്ധതിയിൽ ഉൾപ്പെടുത്തണം. കോഴിക്കോട് വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള തടസം നീക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here