Advertisement

ബസുകള്‍ ഇനി വഴിയില്‍ പണിമുടക്കില്ല; പകരം സംവിധാനവുമായി കെഎസ്ആര്‍ടിസി

July 21, 2021
Google News 1 minute Read
ksrtc

കെഎസ്ആര്‍ടിസിയുടെ ബസുകള്‍ സര്‍വീസ് സമയത്ത് ബ്രേക്ക് ഡൗണ്‍ അല്ലെങ്കില്‍ അപകടം കാരണം തുടര്‍യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയതായി സിഎംഡി അറിയിച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി കെഎസ്ആര്‍ടിസി ബസിനോട് യാത്രക്കാര്‍ക്കുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടന്‍ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും. ഒരു കാരണവശാലും ഇനി മുതല്‍ അപകടമോ, ബ്രേക്ക് ഡൗണ്‍ കാരണമോ യാത്രക്കാരെ (ഒഴിച്ച് കൂടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒഴികെ) പരമാവധി 30 മിനിറ്റില്‍ കൂടുതല്‍ വഴിയില്‍ നിര്‍ത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ പകരം സംവിധാനം ഏര്‍പ്പെടുത്തി യാത്ര ഉറപ്പാക്കും. മുന്‍കൂര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുന്‍പ് ക്യാന്‍സല്‍ ചെയ്യുന്നതായുള്ള പരാതിയും ഇനി മുതല്‍ ഉണ്ടാകില്ല. മുന്‍കൂര്‍ റിസര്‍വേഷന്‍ ചെയ്ത സര്‍വീസുകള്‍ മുടക്കം കൂടാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രേക്ക് ഡൗണോ അപകടമോ കാരണമോ ഉണ്ടാകുന്ന അടിയന്തര പ്രശ്‌നം നേരിടാനുള്ള നിര്‍ദേശവും നല്‍കി. യാത്രാവേളയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ കണ്ടക്ടര്‍മാര്‍ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഉടന്‍ തന്നെ തൊട്ടടുത്ത ഡിപ്പോയില്‍ അറിയിക്കുകയും തുടര്‍ന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.

ദീര്‍ഘ ദൂര ബസുകള്‍ സര്‍വീസിനിടയില്‍ ബ്രേക്ക് ഡൗണ്‍ ആകുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത ഡിപ്പോയില്‍ നിന്നും പകരം ബസ് എടുത്ത് സര്‍വീസ് തുടരാനുള്ള നടപടികള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച് ലഭ്യമാക്കും. സര്‍വീസ് നടത്തിയ ബസിന്റെ അതേ ക്ലാസില്‍ ഉള്ള ബസ് ലഭ്യമായില്ലെങ്കില്‍ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയില്‍ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോഗിച്ച് തൊട്ടടുത്ത ഡിപ്പോ വരെ സര്‍വീസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും.

തുടര്‍ന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍മാരെ വിവരം അറിയിച്ച് പകരം സംവിധാനം അടുത്ത ഡിപ്പോയില്‍ നിന്നും ഒരുക്കും. അതിന്റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡിറ്റിഒ, എറ്റിഒമാര്‍ക്ക് ആയിരിക്കും. ഒരു സര്‍വീസിന്റെ ഓണ്‍വേര്‍ഡ് ട്രിപ്പില്‍ ബ്രേക്ക് ഡൗണ്‍, അപകടം എന്നിവ കാരണം സര്‍വീസ് മുടങ്ങിയാല്‍ ഈ സര്‍വീസിന്റെ റിട്ടേണ്‍ ട്രിപ്പില്‍ മുന്‍കൂട്ടി റിസര്‍വേഷന്‍ ഉണ്ടെങ്കില്‍ കണ്ടക്ടര്‍മാര്‍ ഈ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും അവിടെ നിന്നും ഉടന്‍ തന്നെ ആ യൂണിറ്റിലെ ഓഫീസറെ അറിയിച്ച് പകരം സംവിധാനം ഒരുക്കി റിട്ടേണ്‍ ട്രിപ്പ് മുടക്കം കൂടാതെ നടത്തുകയും വേണം. യാത്രാക്കാര്‍ക്ക് തന്നെ വിവരങ്ങള്‍ കെഎസ്ആര്‍ടിസി കണ്‍ട്രോല്‍ റൂമില്‍ വിളിച്ച് അറിയിക്കാനും, ചിത്രങ്ങള്‍ ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ വാട്‌സ് ആപ്പ് നമ്പരില്‍ അയക്കുവാനുള്ള സൗകര്യവും ലഭ്യമാണ്. കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം- 9447071021, 0471 2463799, വാട്‌സ്ആപ്പ് നമ്പര്‍- 81295 62972.

Story Highlights: ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here