Advertisement

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ,സഞ്ജു സാംസണ്‍ കളിച്ചേക്കും

July 22, 2021
Google News 1 minute Read

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ. വൈകീട്ട് 3 മണി മുതലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച്‌ പരമ്പര ഉറപ്പിച്ച ഇന്ത്യ മൂന്നാം മത്സരത്തിലും ജയിച്ച്‌ പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോൾ തട്ടകത്തില്‍ ആശ്വാസ ജയം തേടിയാണ് ശ്രീലങ്ക ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനുമാണ് ഇന്ത്യയുടെ ജയം. നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കുന്നതിനാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഓപ്പണിങ്ങില്‍ പൃഥ്വി ഷാക്ക് പകരം ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചേക്കും. അവസാന വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്തിയ ദേവ്ദത്ത് ഐപിഎല്‍ 2021ന്റെ ആദ്യ പാദത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യ രണ്ട് ഏകദിനത്തിലും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് സീനിയര്‍ താരം മനീഷ് പാണ്ഡെ നടത്തിയത്. സീനിയര്‍ താരമാണെങ്കിലും അവസരത്തിനൊത്ത് ഉയരുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അതിനാല്‍ത്തന്നെ പകരക്കാരനായി സഞ്ജു സാംസണ്‍ നാലാം നമ്പറിലേക്കെത്തുമാണ് സൂചന. ടി20യില്‍ നേരത്തെ തന്നെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചെങ്കിലും ഏകദിന അരങ്ങേറ്റം നടത്താന്‍ സഞ്ജുവിനായിട്ടില്ല. ആദ്യ മത്സരത്തിന് മുൻപ് പരിക്കേറ്റിരുന്നെങ്കിലും പിന്നീട് കായിക ക്ഷമത വീണ്ടെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു.

പേസ് ബൗളിങ് നിരയില്‍ മാറ്റം ഉണ്ടായേക്കില്ലെന്നാണ് സൂചന. അതേ സമയം സ്പിന്‍ നിരയില്‍ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. കുല്‍ദീപ് യാദവിന് വിശ്രമം നല്‍കി രാഹുല്‍ ചഹാറിനെ ഇന്ത്യ പരിഗണിച്ചേക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മികച്ച പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. അതേ സമയം വരുണ്‍ ചക്രവര്‍ത്തിക്ക് ടി20യില്‍ അവസരം ലഭിക്കാനാണ് സാധ്യത.

വലിയ സമ്മര്‍ദ്ദത്തോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. ഇംഗ്ലണ്ടില്‍ ഏകദിന,ടി20 പരമ്പരയില്‍ സമ്പൂർണ്ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ നാട്ടിലും ഏകദിനത്തില്‍ സമ്പൂർണ്ണ തോല്‍വി വഴങ്ങിയാല്‍ ശ്രീലങ്കയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ വീണ്ടും ശക്തിപ്പെടുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ശ്രീലങ്ക ഇറങ്ങുക.

രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക പടിക്കല്‍ കലമുടച്ചതിന് പിന്നാലെ പരിശീലകന്‍ മിക്കി ആര്‍ത്തറും ക്യാപ്റ്റന്‍ ദസുന്‍ ഷണകയും പരസ്പരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ശ്രീലങ്കന്‍ താരങ്ങളായ മുത്തയ്യ മുരളീധരനും അര്‍ണോള്‍ഡുമടക്കം പലരും ഇതിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആതിഥേയരെ സംബന്ധിച്ച്‌ മൂന്നാം ഏകദിനം ജീവന്‍ മരണ പോരാട്ടമാണ്

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here