Advertisement

കുണ്ടറ പീഡനം; പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

July 22, 2021
Google News 2 minutes Read
kundara rape victim statement

കുണ്ടറ പീഡന പരാതിയിൽ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. യുവതിയുടെ വീട്ടിലെത്തിയാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കെ പോലീസിന്റെ നീക്കങ്ങൾ കേസിൽ ഏറെ നിർണായകമാണ്. അതേസമയം പ്രതിയായ എൻ സി പി നേതാവ് ജി. പത്മാകരനെ പിന്തുണച്ച് എൻസിപി ജില്ലാ നേതൃത്വം രംഗത്തെത്തി.

പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കാൻ കുണ്ടറ പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും പെൺകുട്ടിയെ കാണാൻ സാധിച്ചിരുന്നില്ല. മന്ത്രി എ.കെ ശശീന്ദ്രന്റെ അടക്കം ഇടപെടൽ വിവാദമായി രണ്ട് ദിവസം പിന്നിട്ടിട്ടും യുവതിയുടെ മൊഴിയെടുക്കാൻ സാധിക്കാതായതോടെ പൊലീസ് സമ്മർദ്ദത്തിലാണ്. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയെടുക്കാനാകും പൊലീസ് ശ്രമിക്കുക.

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്ന യുവതിയും കുടുംബവും മന്ത്രിക്കെതിരെ നിയമ പരമായി മുന്നോട്ട് പോകാനാണ് നിലവിൽ ആലോചിക്കുന്നത്. അതേസമയം കേസിൽ പ്രതിയായ എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം ജി.പത്മാകരന് പിന്തുണയുമായി എൻ.സി.പി ജില്ലാ നേതൃത്വം രംഗത്തെത്തി.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം ഇന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സാധ്യത. കൂടാതെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രാവിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കും.

അതേസമയം, കുണ്ടറ പീഡന പരാതിയിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. എ കെ ശശീന്ദ്രൻ (A k Saseendran) മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ (Sharad Pawar) നിർദേശമെന്നും പി സി ചാക്കോ അറിയിച്ചു. ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് ശരദ് പവാർ അഭിപ്രായപ്പെട്ടെന്ന് പി സി ചാക്കോ പറഞ്ഞു. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. എൻ സി പി നിലപാട് സി പി എം നേതൃത്വത്തെ അറിയിച്ചു. വാർത്തകൾക്ക് അടിസ്ഥാനമില്ല പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.

ഇതിനിടെ മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാതെ സിപിഐഎം. കാര്യങ്ങൾ പരിശോധിച്ച ശേഷമേ നിലപാട് പറയാനാകൂ എന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. ശശീന്ദ്രൻ രാജി വക്കുമോ ഇല്ലയോ എന്നതിനൊന്നും എന്നിൽ നിന്ന് മറുപടി പ്രതീക്ഷിക്കണ്ടെന്നും പാർട്ടിക്ക് മുന്നിൽ വിഷയത്തിന്റെ വിശദാംശങ്ങളൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights: kundara rape victim statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here