ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ ഇന്ത്യക്ക് മോശം ദിനം; പുരുഷ താരങ്ങളൊന്നും ആദ്യ 30ൽ പോലും ഇല്ല

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മോശം ദിനം. വനിതകളുടെ അമ്പെയ്ത്ത് റാങ്കിംഗ് റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ പുരുഷന്മാരുടെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യൻ താരങ്ങളൊന്നും ആദ്യ 30 റാങ്കുകളിൽ പോലും ഉൾപ്പെട്ടില്ല. 656 പോയിൻ്റുമായി 31ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത പ്രവീൺ ജാദവ് ആണ് പുരുഷ താരങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിൽ ഉള്ളത്. ദീപികയുടെ ഭർത്താവ് കൂടിയായ അതനു ദാസ് 653 പോയിൻ്റുമായി 35ആമത് ഫിനിഷ് ചെയ്തപ്പോൾ തരുൺദീപ് റായ് 652 പോയിൻ്റോടെ 37ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ( olympics archery mens round )
റൗണ്ട് ഓഫ് 64ൽ അതനു ദാസ് ചൈനീസ് തായ്പേയിയുടെ 30ആം റാങ്ക് താരം ഡെങ് യു-ചെങിനെ നേരിടുമ്പോൾ പ്രവീൺ ജാദവ് 34ആം റാങ്കിലുള്ള റഷ്യയുടെ ഗൽസൻ ബസർഴപോവിനെ നേരിടും. ഉക്രൈൻ്റെ 28 ആം റാങ്ക് താരം ഒലെക്സി ഹുൻബിൻ ആണ് തരുൺദീപ് റായിയുടെ എതിരാളി.
Read Also: ടോക്യോ ഒളിമ്പിക്സ്; അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ദീപിക കുമാരി 9ആം സ്ഥാനത്ത്
17ആം വയസ്സുകാരനായ ദക്ഷിണ കൊറിയൻ താരം കിം ജെ ഡിയോക് ആണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 688 പോയിൻ്റാണ് കൗമാര താരത്തിനുള്ളത്. അമേരിക്കൻ താരം എല്ലിസൺ ബ്രാഡി 682 പോയിൻ്റുമായി രണ്ടാമതും ദക്ഷിണ കൊറിയയുടെ തന്നെ ജിങ്‌ഹ്യെക് ഓഹ് 681 പോയിൻ്റുമായി മൂന്നാമതും ഫിനിഷ് ചെയ്തു. 680 പോയിൻ്റുള്ള ദക്ഷിണകൊറിയൻ താരം വൂജിൻ കിം ആണ് നാലാം സ്ഥാനത്ത്.
മിക്സഡ് റൗണ്ടിൽ ഇന്ത്യ ഒൻപതാം സ്ഥാനത്താണ്. ദീപിക കുമാരിയുടെ 663 പോയിൻ്റും പ്രവീൺ ജാദവിൻ്റെ 656 പോയിൻ്റും ചേർന്ന് 1319 പോയിൻ്റാണ് ഇന്ത്യക്ക് ഉള്ളത്. 1368 പോയിൻ്റുമായി ദക്ഷിണകൊറിയ തന്നെയാണ് ഒന്നാമത്. കിം ജെ ഡിയോക് (688)- ആൻ സാൻ (680) എന്നിവരാണ് കൊറിയയുടെ മിക്സഡ് ടീം.
Story Highlights: Tokyo Olympics archery india mens ranking round
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here