Advertisement

അനന്യയുടെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ

July 24, 2021
Google News 2 minutes Read
ima investigation ananya kumari alex death

ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ. റോയി എബ്രഹാം കള്ളുവേലിൽ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു.

അതിനിടെ അനന്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടായ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ചികിത്സാ പിഴവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനായി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുമായി സംസാരിക്കാനും അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

Read Also: ലിംഗമാറ്റ ശസ്ത്രക്രിയക്ക് പൊതു മാനദണ്ഡം ഉണ്ടാക്കും; മന്ത്രി ഡോ.ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി

കഴിഞ്ഞ ദിവസമാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. അനന്യയുടെ മരണത്തിൽ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Read Also: ട്രാൻസ്‌ജെൻഡറുടെ മരണം: അടിയന്തര അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി

കഴിഞ്ഞ വർഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെന്ന് അനന്യ ആരോപിച്ചിരുന്നു. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

Story Highlights: ima investigation ananya kumari alex death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here