ഇന്നത്തെ പ്രധാന വാർത്തകൾ (25-07-2021)
ഒളിമ്പിക്‌സിൽ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കൻ താരം ഹെർനാൻഡസ് ഗാർസിയയെ തോൽപ്പിച്ചാണ് മേരികോം വിജയിച്ചത്. 4-1 ആണ് സ്‌കോർ നില. ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകൾ വീതം നൽകി. ഡൊമിനിക്കൻ താരത്തിന് രണ്ട് പത്ത് പോയിന്റുകൾ മാത്രമാണ് ലഭിച്ചത്.
മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത ഐഎൻഎൽ യോഗത്തിൽ കയ്യാങ്കളി
കൊച്ചിയിൽ ചോർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കയ്യാങ്കളി. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. യോഗം ചേർന്ന ഹോട്ടലിന് മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി.
ഒളിമ്പിക്‌സ് : ടെന്നിസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്
ടെന്നിസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം തോറ്റത്.
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം. ദേവികുളത്ത് പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമം നടത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെതിരെ അന്വേഷണം നടത്തുന്നത്. സിപിഐഎം ജില്ല സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.
ഒളിമ്പിക്‌സ് : ബാഡ്മിന്റണിൽ പി.വി സിന്ധുവിന് അനായാസ ജയം
ബാഡ്മിന്റണിൽ പി.വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ പോളികാർപ്പോവയെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോൽപ്പിച്ചത്.
കരുവന്നൂർ മോഡൽ തട്ടിപ്പ് പാലക്കാടും; കണ്ടെത്തിയത് 4 കോടിയിലേറെ രൂപയുടെ തട്ടിപ്പ്
കരുവന്നൂരിന് സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പ് പാലക്കാടും. കോൺഗ്രസ് ഭരിക്കുന്ന കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ്. ക്രമക്കേടിന് ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാർ പാലക്കാട് ജോയിന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകി രണ്ട് മാസമായിട്ടും ഒരു ഇടപെടലും ഉണ്ടായിട്ടില്ല. മൂന്ന് വർഷമായിട്ടും പണമോ പലിശയോ ലഭിച്ചിട്ടില്ലെന്നും നിക്ഷേപകർ ട്വന്റിഫോറിനോട് പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജോയുടെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് രേഖകൾ പിടിച്ചെടുത്തു. കേസിലെ ആറ് പ്രതികളുടെ വീടുകളിൽ റെയ്ഡ് തുടരുകയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
ചേർത്തലയിലെ യുവതിയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി രതീഷ്
ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ സഹോദരീ ഭർത്താവ് രതീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തർക്കത്തിനിടെ മർദിച്ചപ്പോൾ യുവതി ബോധരഹിതയായി വീണു. തുടർന്ന് യുവതിയെ പ്രതി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ടെന്നിസ് സിംഗിൾസ്; ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് വിജയം
ഒളിമ്പിക്‌സിൽ ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം.
ചൈനീസ് താരത്തെയാണ് നവോമി ഒസാക്ക തോൽപ്പിച്ചത്. 6-1, 6-4 എന്നിങ്ങനെയാണ് സ്‌കോർ നില.
Story Highlights: todays headlines july 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here