Advertisement

കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

July 26, 2021
1 minute Read
kalamassery ducks dead

ആലുവ കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശ്ശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്ധ പരിശോധനയ്ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു. സംഭവത്തിൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങി.

വർഷങ്ങൾ ഏറെയായി ഷംസുദ്ദീൻ എന്ന കർഷകൻ താറാവ് കൃഷി ആരംഭിച്ചിട്ട്. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ 600 ൽ അധികം താറാവുകൾ ചത്തൊടുങ്ങി. ആദ്യ ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയെങ്കിലും താറാവുകൾ ചാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഷംസുദ്ദീൻ പറയുന്നു

ശനിയാഴ്ചകളിലാണ് താറാവുകൾ കൂടുതലായി ചാകുന്നത്. സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തി. സംഭവത്തിൽ കളമശേരി നഗരസഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ചത്ത താറാവുകളുടെ ആന്തരിക അവയവങ്ങൾ വിദഗ്ത പരിശോധനക്കായി ലാബിലേക്ക് അയച്ചു. ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

നേരത്തെ കോഴിക്കോട് മുട്ടക്കോണികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. കേരളത്തിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചിരുന്നു. തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കയച്ചിരുന്നു. കൂരാച്ചുണ്ട് ഫാമിലെ നാന്നൂറ് മുട്ടക്കോഴികളാണ് ചത്തത്. ഇതിനെ തുടർന്ന് ജാഗ്രതാ നിർദേശം ജില്ലാ കലക്ടർ പുറപ്പെടുവിച്ചിരുന്നു. ഫാമിന് 10 കിലോമീറ്റർ പരിധിയിലുള്ള 11 പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പക്ഷികളും കോഴികളും മുട്ടകളും ഈ മേഖലയിലേക്ക് കൊണ്ടു വരാനോ കൊണ്ടു പോകാനോ അനുമതിയില്ല. കഴിഞ്ഞ വർഷവും കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലാണ് പക്ഷിപനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. 11 വയസുള്ള കുട്ടിയാണ് ഡൽഹി എയിംസിൽ മരണമടത്തത്. എച്ച് 5എൻ1 പനി ബാധിച്ച് ജൂലൈ 2 നാണ് ഹരിയാന സ്വദേശിയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ ചികത്സിച്ച ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കടുത്ത പനി, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടക്കുകയാണ്.

Read Also: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരു മരണം; മരിച്ചത് 11 വയസുകാരൻ

പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങൾ

പനി
പേശിവേദവ
തലവേദന
ചുമ
വയറിളക്കം
വയറുവേദന

എങ്ങനെയാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നത് ?

അണുബാധയേറ്റ പക്ഷിയുമായുള്ള സമ്പർക്കമാണ് ഇതിന് കാരണം.അണുബാധയേറ്റ പക്ഷിയെ സ്പർശിക്കുന്നത്

അണുബാധയേറ്റ പക്ഷിയുടെ വിസർജ്യം/കൂട് സ്പർശിക്കുന്നത്

അണുബാധയേറ്റ പക്ഷിയെ ഭക്ഷിക്കുന്നത്.

പ്രതിരോധിക്കേണ്ടതെങ്ങനെ ?

ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി വൃത്തിയാക്കണം, പ്രത്യേകിച്ച് കോഴി, താറാവ് പോളുള്ള മാംസം സ്പർശിക്കും മുൻപ്.

പച്ച ഇറച്ചിക്കും, വേവിച്ചവയ്ക്കുമായി പ്രത്യേകം പാത്രങ്ങൾ ഉപയോഗിക്കുക

ഇറച്ചി നല്ല ചൂടിൽ നന്നായി വെന്തു എന്ന് ഉറപ്പാക്കുക

ജീവനോടെയുള്ള പക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കുക

പച്ച മുട്ട കഴിക്കാതിരിക്കുക

വാക്‌സിൻ ?

പക്ഷിപ്പനിക്ക് വാക്‌സിൻ ലഭ്യമല്ല.

Story Highlights: kalamassery ducks dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement