നിയമസഭാ കയ്യാങ്കളി; അന്ന് സംഭവിച്ചതെന്ത് ? ഒരു തിരിഞ്ഞുനോട്ടം

2015 മാർച്ച് 13. വെള്ളിയാഴ്ച. 2015-26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി അന്നത്തെ ധനമന്ത്രി കെ.എം മാണി സഭയിലെത്തി. 13-ാം ബജറ്റ് അവതരണമാണ് അന്ന് നടക്കാനിരുന്നത്. ബാർ കോഴ ആരോപണത്തിന്റെ നിഴലിലായിരുന്ന കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം (എൽഡിഎഫ്) നേരത്തെ പറഞ്ഞിരുന്നു. (Kerala assembly ruckus case).
ബജറ്റ് അവതരണത്തിനെത്തിയ മാണിയും സ്പീക്കറും വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെയാണ് സഭയിലെത്തിയത്. ബജറ്റ് അവതരിപ്പിക്കാൻ സ്പീക്കർ എൻ ശക്തൻ അനുമതി നൽകുകയും ഉടൻ തന്നെ ബജറ്റ് അവതരണം മാണി ആരംഭിച്ചു.
ബജറ്റ് അവതരണത്തിന്റെ തുടക്കം മുതൽ തന്നെ സഭയിൽ ബഹളം ആരംഭിച്ചിരുന്നു. സഭയ്ക്ക് അകത്തും പുറത്തും യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. സഭയ്ക്കകത്ത് പ്രതിപക്ഷാംഗങ്ങളും സഭയ്ക്ക് പുറത്ത് പാർട്ടി പ്രവർത്തകരും പ്രതിഷേധിച്ചുകൊണ്ടിരുന്നു.

140 പേജുണ്ടായിരുന്ന ബജറ്റ് എന്നാൽ ആറ് മിനിറ്റുകൾ മാത്രമേ അവതരിപ്പിക്കാൻ കഴിഞ്ഞുള്ളു. ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ച ശേഷം സഭയിൽ ലഡു വിതരണം നടന്നു. അപ്പോഴേക്കും പ്രതിപക്ഷം സകല നിയന്ത്രണവും വിട്ട് കെഎം മാണിയുടെ അടുത്തേക്ക് ഇരച്ചുകയറി. സ്പീക്കറുടെ ഡയസ് കയ്യേറുകയും വാച്ച് ആന്റ് വാർഡ് സംഘവുമായി ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കയ്യേറ്റവും, ഉന്തും തള്ളും, അടിപിടിയും നടന്നു.

കേരളം എന്ന സംസ്ഥാനത്തെ ഒന്നാകെ നാണം കെടുത്തിയ സംഭവമായിരുന്നു. ഈ ദൃശ്യങ്ങൾ ദേശിയ മാധ്യമങ്ങളിലടക്കം ചർച്ചയായി.
Read Also: നിയമസഭാ കയ്യാങ്കളി കേസ്; സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി
സിപിഐഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ, മുൻ എം എൽ എമാരായ സി കെ സദാശിവൻ, കെ കുഞ്ഞഹമ്മദ് മാസ്റ്റർ, സിപിഐ അംഗം കെ അജിത്ത് തുടങ്ങിയവർ വാച്ച് ആൻഡ് വാർഡിനെ തള്ളിമാറ്റുകയും സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി കസേര മറിച്ചിട്ട് മൈക്കും കംപ്യൂട്ടറും നശിപ്പിക്കുകയും ചെയ്തു.

വാച്ച് ആൻഡ് വാർഡ് പിടിച്ചുതള്ളിയെന്ന ആരോപണവുമായി തോമസ് ഐസകും, ശിവദാസൻ നായർ ആക്രമിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശവും രംഗത്തെത്തി. ഇഎസ് ബിജിമോൾ എംഎൽഎയെ ഷിബു ബേബിജോൺ തടഞ്ഞതും വിവാദമായിരുന്നു. കെകെ ശൈലജയ്ക്കുനേരെ എംഎ വാഹിദ് രംഗത്തെത്തിയതോടെ പ്രതിപക്ഷ എംഎൽഎമാരും പാഞ്ഞടുത്തു.

ഒൻപത് പ്രതിപക്ഷ എംഎൽഎമാരെയാണ് സംഭവത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിലർ പ്രതിഷേധത്തിനിടെ തന്നെ കുഴഞ്ഞുവീണു. പന്ത്രണ്ട് വാച്ച് ആൻഡ് വാർഡ് അംഗങ്ങളെയും സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്ത് നടന്ന പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും, ലാത്തി ചാർജും പ്രയോഗിച്ചു. സംഭവത്തിൽ ഒരു പ്രവർത്തകൻ ഹൃദയാഘാതം സംഭവിച്ച് മരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെ തൊട്ടടുത്ത് ദിവസം, 2015 മാർച്ച് 14ന് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

സസ്‌പെൻഷൻ
സംഭവത്തിൽ അഞ്ച് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യുകയും, അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയും ചെയ്തു. വി ശിവൻകുട്ടി, ഇ പി ജയരാജൻ, സി കെ സദാശിവൻ, കെ കുഞ്ഞഹമ്മദ് മാസ്റ്റർ, കെ അജിത്ത് എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസ് എടുത്തത്. പിന്നീട് വി ശിവൻകുട്ടിയുടെ അപേക്ഷ പരിഗണിച്ച് 2018 ഫെബ്രുവരിയിൽ ഈ കേസ് സർക്കാർ പിൻവലിക്കുകയായിരുന്നു.
കോടതി ഇടപെടൽ…
കേസ് പിൻവലിക്കാനുള്ള നീക്കം 2021 മാർച്ച്12ന് ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. കേസിൽ ആരോപണ വിധേയർ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.
സുപ്രിംകോടതി വിധി
2021 ജൂലൈ 28 ന് നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയുണ്ടായി. കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും വി ശിവൻക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകൾ സുപ്രിംകോടതി തള്ളി. അപ്പീൽ നൽകിയത് ഭരണഘടന വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.

വിചാരണ നേരിടേണ്ടവർ വി ശിവൻക്കുട്ടി, മുൻമന്ത്രി ഇ.പി. ജയരാജൻ, മുൻമന്ത്രിയും നിലവിൽ എം.എൽ.എയുമായ കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
Story Highlights: kerala assembly ruckus case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here