Advertisement

പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

July 29, 2021
Google News 2 minutes Read
opposition protest parliament today

പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഫോൺചോർത്തൽ, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസും സിപിഐഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അവതരണാനുമതി ലഭിച്ചില്ലെങ്കിൽ ഇന്നും പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധിയ്ക്കും. (opposition protest parliament today)

ഇന്നലെ ലോകസഭയിൽ പ്രതിഷേധിച്ച 13 അംഗങ്ങളെ സ്പീക്കർ ചേംമ്പറിൽ വിളിച്ച് ശാസിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എഎം ആരിഫ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്ക് അടക്കമാണ് താക്കീത് ലഭിച്ചത്. ഇവർ ഇന്നത്തെ പ്രതിഷേധത്തിന്റെ ഭാഗമായാൽ അച്ചടക്ക നടപടികൾക്കായി സർക്കാർ പ്രമേയം അവതരിപ്പിയ്ക്കും എന്നാണ് വിവരം. ഇന്നും ഇരു സഭകളിലും നിയമനിർമ്മാണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും.

പാർലമെന്റില് പ്രതിപക്ഷം സഹകരിച്ചില്ലെങ്കിൽ ചർച്ച കൂടാതെ ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇന്നലെ ലോകസഭയിൽ ചർച്ച കൂടാതെ പാസാക്കിയത് രണ്ട് ബില്ലുകളാണ്. ചെറുകിട, ഇടത്തരം വ്യവസായമേഖലയെ ബാധിക്കുന്ന ഫാക്ടറിംഗ് റെഗുലേഷൻ ഭേദഗതി ബിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ബിൽ എന്നിവയാണ് പാസാക്കിയത്. ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ബില്ലുകളും ഈ സമ്മേളന കാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

Read Also: പെഗസിസ്: സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ബിജെപിക്കെതിരെ പോരാടാന്‍ പ്രതിപക്ഷ ഐക്യമുറപ്പിച്ച് മമത ബാനര്‍ജി

പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ലോക്‌സഭയിൽ കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്. 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു. ഇതോടെ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ രണ്ടു വർഷമാകും.

2019 ലാണ് പാർലമെന്റിൽ പൗരത്വ നിയമം പാസാക്കിയത്. ആ വർഷം ഡിസംബർ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതൽ വിജ്ഞാപനം പ്രാബല്യത്തിലായി.

കഴിഞ്ഞ മെയ് മാസത്തിൽ മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് കേന്ദ്രസർക്കാർ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാർസി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷ നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രായലം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിൽ താമസിക്കുന്നവർക്കുമാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നത്. 1955ലെ പൗരത്വ നിയമത്തെ പിൻപറ്റി 2009ൽ തയാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയവർക്കായിരുന്നു അപേക്ഷിക്കാൻ അവകാശം ഉണ്ടായിരുന്നത്.

ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. സിപിഐഎം നീക്കത്ത് എതിർത്തപ്പോൾ മുസ്ലിം ലീഗ് അപേക്ഷക്കെതിരെ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. തുടർന്ന് അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വർഷങ്ങളായി ഇന്ത്യയിൽ തങ്ങുകയും മടങ്ങാൻ മറ്റ് ഇടങ്ങൾ ഇല്ലാത്തവർക്കുമാണ് പൗരത്വം നൽകുന്നത്. ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു സമുദായത്തെ അപമാനിക്കുന്ന ഒരു ഘടകവും ഇല്ലെന്നും കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.

Story Highlights: opposition protest parliament today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here