Advertisement

ദീർഘനേരമുള്ള ഇരിപ്പ് പ്രതിദിനം ഒരു സിഗരറ്റ് പാക്കറ്റ് വലിക്കുന്നതിന് സമാനം

July 31, 2021
Google News 2 minutes Read
dangers of sitting

പ്രതിദിനം ഒരു സിഗരറ്റ് പാക്കറ്റ് പുകച്ച് തള്ളിയാൽ ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളെ കുറിച്ച് പലർക്കും ബോധ്യമുണ്ടാകാം. എന്നാൽ ഇതിന് സമാനമാണ് ദീർഘ നേരമുള്ള ഇരിപ്പ് എന്ന് എത്ര പേർക്കറിയാം? ദീർഘ നേരമുള്ള ഇരിപ്പ് ശരീരത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. എന്നാൽ പലരും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് യാഥാർഥ്യം.

ജോലി സ്ഥലത്തായാലും, ടി.വി.യുടെ മുന്നിലായാലും, കാറിലായാലും മണിക്കൂറുകൾ നീളുന്ന ഇരിപ്പ് ഒഴിവാക്കേണ്ടത് തന്നെയാണ്. യാതൊരു ശാരീരിക പ്രവർത്തനങ്ങളുമില്ലാതെ ഒരു ദിവസം എട്ട് മണിക്കൂറിലധികം ഇരിക്കുന്നത് അമിതവണ്ണവും പുകവലിയും ഉയർത്തുന്നതിന് സമാനമായ അപകട സാധ്യതകൾ ഉണ്ടാക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അമിത രക്തസമ്മർദ്ദം, കുടവയർ, ഉയർന്ന കൊളെസ്ട്രോൾ തോത്, ഹൃദ്രോഗം, അർബുദം തുടങ്ങി ദീർഘനേരത്തെ ഇരിപ്പ് ഭാവിയിൽ ഒരാൾക്ക് സമ്മാനിക്കാവുന്ന രോഗങ്ങൾ നിരവധിയാണ്.

dangers of long sitting

എത്ര മാത്രം കുറച്ച് കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നോ അത്രയും ആരോഗ്യകരമായ ജീവിതം സാധ്യമാണ്. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പലരും വീടുകൾക്കുള്ളിലേക്ക് ഒതുങ്ങി കൂടുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

Read Also:വെറും വയറ്റിലെ വ്യായാമം; ഫലം ചെയ്യുമോ?

ദീർഘനേരം ഇരിക്കുന്നത് കാലുകളിലെയും മറ്റും ഗ്ലൂട്ടിയാൽ പേശികളെ ദുർബലപ്പെടുത്തും. ഈ പേശികൾ ദുർബലമാകുന്നത് എളുപ്പം വീഴാനും പരിക്കേൽക്കാനുമുള്ള സാധ്യത വർധിപ്പിക്കും. ശരീരം അധികം അനങ്ങാതെ ഇരിക്കുന്നത് കൊഴുപ്പും പഞ്ചസാരയുമൊക്കെ ദഹിക്കാതിരിക്കാൻ കാരണമാകും. ഇടുപ്പിനും സന്ധികൾക്കും പ്രശ്‌നങ്ങളുണ്ടാക്കാനും ദീർഘനേരത്തെ ഇരിപ്പ് വഴിവയ്ക്കും. ശരിയായ വിധത്തിലല്ല ഇരിക്കുന്നതെങ്കിൽ പുറം വേദന അടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. ദീർഘ നേരത്തെ ഇരിപ്പ് ശ്വാസകോശത്തിനും ഗര്ഭപാത്രത്തിനും വൻകുടലിനും അർബുദമുണ്ടാകാൻ കാരണമാകുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന് പറയുന്നത്, വെറുതെ ഇരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്ത് ശരീരത്തെ ഊർജ്ജസ്വലമാക്കി വയ്ക്കുക എന്നതാണ്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടവർ അര മണിക്കൂർ കൂടുമ്പോഴെങ്കിലും ഒന്ന് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുക. ഫോണിൽ സംസാരിക്കുമ്പോഴും ടി.വി. കാണുമ്പോഴും നടക്കാൻ സാധിക്കുമെങ്കിൽ നല്ലത്. ഇടയ്ക്കിടെ എഴുന്നേറ്റ് നിൽക്കുകയും നടക്കുകയും വേണം. നിന്നു കൊണ്ട് ജോലി ചെയ്യാവുന്ന സ്റ്റാൻഡിങ്ങ് ഡെസ്‌ക് പോലുള്ള ആശയങ്ങളും പരീക്ഷിച്ച് നോക്കാവുന്നതാണ്.

Read Also:ദേഷ്യം കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം ?

ചെറിയ വ്യായാമമുറകളിലൂടെ കൂടുതൽ കലോറി കത്തിച്ച് കളയാനും ഭാരം കുറയ്ക്കാനും കൂടുതൽ ഊർജ്ജം കൈവരിക്കാനും സാധിക്കുന്നതാണ്.

Story Highlights: Dangers of Sitting: why sitting is the new smoking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here