ജിങ്കൻ ഇനി ക്രൊയേഷ്യയിൽ കളിക്കും; നീക്കം ഔദ്യോഗികമായി

കേരള ബ്ലാസ്റ്റേഴ്സ് മുൻ ക്യാപ്റ്റനും എടികെ മോഹൻബഗാൻ താരവുമായ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ ഇനി ക്രൊയേഷ്യയിൽ കളിക്കും. ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷൻ ക്ലബായ എച്ച്എൻകെ സിബേനിക്കുമായുള്ള താരത്തിൻ്റെ കരാർ ഔദ്യോഗികമായി പൂർത്തിയായി. കഴിഞ്ഞ ദിവസം ക്രൊയേഷ്യയിൽ എത്തിയ താരത്തിൻ്റെ മെഡിക്കൽ ഇന്നലെ ആയിരുന്നു. ഇന്നലെ ക്ലബിൻ്റെ മത്സരം കാണാൻ ജിങ്കൻ സ്റ്റേഡിയത്തിൽ എത്തുകയും ചെയ്തു. (Sandesh Jhingan HNK Sibenik)
ജിങ്കൻ ക്ലബ് വിട്ടു എന്ന് എടികെ മോഹൻബഗാനും താൻ എടികെ വിട്ടു എന്ന് സന്ദേശ് ജിങ്കനും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്.
അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.
ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.
Story Highlight: Sandesh Jhingan Croatia’s HNK Sibenik