ഇത്തവണ ഓണാഘോഷമില്ല: കെബി ഗണേഷ് കുമാർ

ഇത്തവണ ഓണാഘോഷം ഇല്ലെന്നാണ് കെബി ഗണേഷ് കുമാർ എംഎൽഎ പറയുന്നത്. അച്ഛൻ മരിച്ചതിനു ശേഷമുള്ള ആദ്യ ഓണമാണ്. അമ്മയും അച്ഛനും ഇല്ലാത്ത ആദ്യ ഓണമാണ്. അതുകൊണ്ട് തന്നെ ഇക്കുറി ആഘോഷങ്ങളില്ലെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് കാരണം പല മേഖലകളും ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. (kb ganesh kumar onam)
“അച്ഛനും അമ്മയും ഇല്ലാത്ത ഓണം ആദ്യമായിട്ടാണ്. അമ്മ ഉള്ളപ്പോഴായിരുന്നു ഓണം. അമ്മ മരിച്ചതിനു ശേഷം നിർബന്ധമായും ഓണത്തിനു വരണമെന്ന് ഞങ്ങളോട് അച്ഛൻ പറയുമായിരുന്നു. ഞാൻ അച്ഛൻ്റെ കൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ട് കഴിഞ്ഞ വർഷങ്ങളിലൊക്കെ ഓണം ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരനായി എംഎൽഎ ഒക്കെ ആയതിനു ശേഷമാണ് ഓണത്തിന് സ്ഥിരമായി വീട്ടിലുണ്ടാവാറുള്ളത്.”- കെബി ഗണേഷ് കുമാർ പറഞ്ഞു.
“അച്ഛൻ്റെയും അമ്മയുടെയും ഒപ്പമായിരുന്നു എല്ലായ്പ്പോഴും ഓണം. ഒരു വർഷം പോലും മുടങ്ങിയിട്ടില്ല. ആദ്യമായിട്ടാണ് അച്ഛനും അമ്മയുമില്ലാത്ത ഒരു ഓണം. സിനിമയിലായിരിക്കുമ്പോ ഓണത്തിന് അങ്ങനെ വീട്ടിൽ വരാറില്ല. പലപ്പോഴും ഷൂട്ടിംഗിലായിരിക്കും.”- മുൻ മന്ത്രി കൂട്ടിച്ചേർത്തു.
Read Also : ഓണവും കൃഷിയും ‘കിളിക്കൂടും’; പി രാജീവ് പറയുന്നു
“കൊവിഡ് ആയതുകൊണ്ട് ആർക്കും ആഘോഷങ്ങളൊന്നും നടത്താൻ കഴിയുന്നില്ല. എല്ലാവരും വീടിൻ്റെ ഉള്ളിലേക്ക് ഓണം ഒതുക്കിയിരിക്കുകയാണ്. ഓണം ആഘോഷിക്കാതിരിക്കാൻ മലയാളിക്ക് കഴിയില്ല, ലോകത്തിൻ്റെ എവിടെയാണെങ്കിലും. പക്ഷേ, ആഘോഷം വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ക്ലബുകളുടെ ഓണാഘോഷങ്ങളൊന്നും കാണാൻ ഇക്കൊല്ലവും കഴിയില്ല. അതിൽ സങ്കടമുണ്ട്. കാരണം, ഓണം വരുമ്പോഴാണ് എത്ര വിഷമങ്ങളുണ്ടെങ്കിലും ക്ലബുകളൊക്കെ ഓണം ആഘോഷിക്കുമ്പോൾ അവിടെ പോകാനും കലാപരിപാടികളുമൊക്കെ കാണാനും കഴിയുമായിരുന്നു. ഇതിൽ ഏറ്റവുമധികം വിഷമിക്കുന്നത് ആർട്ടിസ്റ്റുകളാണ്. സ്റ്റേജ് ആർട്ടിസ്റ്റുകൾ, മിമിക്രി ആർട്ടിസ്റ്റുകൾ, ഗാനമേള, നാടകങ്ങൾ. അവർക്കെല്ലാം ഉത്സവസീസൺ രണ്ടെണ്ണം നഷ്ടപ്പെട്ടു. ഓണം രണ്ടെണ്ണം നഷ്ടപ്പെട്ടു.”- എംഎൽഎ പറഞ്ഞു.
“കഴിഞ്ഞ ദിവസം കൊട്ടാരക്കര ടൗണിലൂടെ വരുമ്പോൾ തീയറ്റർ കണ്ടു. സങ്കടം തോന്നി. കാരണം അതിൻ്റെ ബോർഡെല്ലാം മങ്ങി. നിറമുള്ള പോസ്റ്ററുകളൊക്കെ ഇളകിപ്പോയി. കടകളൊക്കെ ഇടക്ക് ലോക്ക്ഡൗൺ ഇളവുകൾ ലഭിക്കുമ്പോൾ തുറക്കാൻ കഴിയുന്നുണ്ട്. തീരെ തുറക്കാൻ കഴിയാതെ പോയത് തീയറ്ററുകളാണ്.”- ഗണേഷ് കുമാർ പറഞ്ഞുനിർത്തി.
Story Highlight: kb ganesh kumar onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here