Advertisement

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡൽഹിയിലേക്ക്; ലക്ഷ്യം അന്തിമപട്ടികക്ക് രൂപം നല്‍കൽ

August 23, 2021
1 minute Read
k sudhakaran delhi visit

കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചർച്ചകളില്‍ തർക്കം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നോ നാളെയോ ഡല്‍ഹിക്ക് പോയേക്കും. ഹൈക്കമാന്‍റ് നിർദേശങ്ങള്‍ കൂടി കണക്കിലെടുത്ത് അന്തിമപട്ടികക്ക് രൂപം നല്‍കലാണ് ലക്ഷ്യം.

ഡിസിസി അധ്യക്ഷന്മാരുടെ അന്തിമപട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍റിന് സമർപ്പിച്ചെങ്കിലും കൂടുതല്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. സ്ത്രീസാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം. ഹൈക്കമാന്‍റുമായുളള തുടർ ചർച്ചകള്‍ക്കും അന്തിമ തീരുമാനമെടുക്കുന്നതിനുമായാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നോ നാളെയോ ഡല്‍ഹിയിലേക്ക് പോകുന്നത്.

Read Also : ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെപിസിസി ഭാരവാഹിപ്പട്ടിക വൈകുന്നു

പരാതികളും പരിഭവവും തുടരുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഹൈക്കമാന്‍റ് തുടരുമ്പോഴും, എ, ഐ ഗ്രൂപ്പുകളെ അപ്രസക്തമാക്കി പുതിയ ഗ്രൂപ്പിന് വഴിമരുന്നിടാനുളള നീക്കങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ചർച്ചകളില്‍ നിന്നകറ്റി അപമാനപ്പെടുത്തിയെന്ന വികാരത്തില്‍ മുല്ലപ്പളളിയും വൃണിത ഹൃദയനാണ്. എന്നാല്‍, ഇവരുടെ സമ്മർദ്ദങ്ങള്‍ക്ക് ഒരുവിധത്തിലും അടിമപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കള്‍. എല്ലാവരെയും തൃപ്തിപ്പെടുത്തല്‍ സാധ്യമല്ലെന്നും വൈകാതെ പുനഃസംഘടന പൂർത്തിയാക്കണമെന്നും ഈ നേതാക്കള്‍ വാദിക്കുന്നു.

Read Also : നന്ദി കിട്ടാത്ത പണി; കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി ജി സുധാകരന്‍

ഡല്‍ഹിയിലെത്തുന്ന കെ സുധാകരന്‍ ഈ വികാരം കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തും. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളുടെ വികാരം കൂടി കണക്കിലെടുത്ത് കൊണ്ടുളള പ്രഖ്യാപനമാകുമോ ഹൈക്കമാന്‍റ് നടത്തുക, അതോ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദം കണ്ടില്ലെന്ന് നടിച്ച് വീണ്ടുമൊരു പരീക്ഷണത്തിന് കേന്ദ്രനേതൃത്വം തയ്യാറകുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇനിയും അവഗണിച്ചാല്‍ ഹൈക്കമാന്‍റുമായും സംസ്ഥാന നേതൃത്വവുമായും സഹകരിക്കേണ്ടതില്ലെന്ന ആലോചനകളും ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ട്.

Story Highlight: k sudhakaran delhi visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement