ഡിസിസി പ്രസിഡന്റ് പട്ടിക : പ്രഖ്യാപനം വൈകാതെ പൂര്‍ത്തിയാക്കാന്‍ കോൺഗ്രസിൽ മാരത്തൺ ചർച്ചകൾ

ഡിസിസി അധ്യക്ഷന്‍മാരുടെയും കെപിസിസി ഭാരവാഹികളുടെയും പ്രഖ്യാപനം വൈകാതെ പൂര്‍ത്തിയാക്കാന്‍ കോൺഗ്രസിൽ മാരത്തൺ ചർച്ചകൾ. ഹൈക്കമാൻഡുമായുള്ള തുടർ ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വൈകാതെ ഡൽഹിക്ക് തിരിക്കും. തീരുമാനം ഇനിയും നീളുന്നത് ഗുണകരമാവില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
അനുനയ നീക്കങ്ങൾ പലതു കഴിഞ്ഞെങ്കിലും അതൃപ്തിയും തര്‍ക്കവും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഗ്രൂപ്പുകള്‍ കെപിസിസി നേതൃത്വത്തിന് എതിരെ നീങ്ങുന്നുവെന്ന പരാതിയും ഒരു വിഭാഗത്തിനുണ്ട്. നേതൃത്വത്തിനെതിരെയുള്ള ഐ ഗ്രൂപ്പിന്റെ പടയൊരുക്ക നീക്കം പുറത്തായത് ഉദാഹരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷമായി കടുത്ത നിലപാടുകളിലേക്ക് നീങ്ങിയിട്ടില്ലെങ്കിലും എ ഗ്രൂപ്പും അണിയറയിൽ നീക്കങ്ങൾ ശക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനിയും ചർച്ചകൾ നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമാവില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ഹൈക്കമാന്റുമായുള്ള തുടർ ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് രാത്രിയോടെ ഡൽഹിയിലെത്തിയേക്കും.
സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ ആശയ വിനിമയവും നടന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഡിസിസി അധ്യക്ഷൻമാരെയും പിന്നാലെ കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്റ് നടത്തിയ ആശയ വിനിമയത്തിന്റെ കൂടി അടിസ്ഥാനത്തില്‍ കെപിസിസി നല്‍കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും.
Story Highlight: congress marathon meeting