ഡി.സി.സി. പട്ടികയിൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു: കെ.സി. ജോസഫ്

ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തിൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. സംസ്ഥാനത്ത് ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായില്ലെന്നും കെ.സി. ജോസഫ് അറിയിച്ചു. അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാൻ ചർച്ച നടത്തി തീരുമാനമെടുക്കുന്നതിന് കേരളത്തിലെ നേതാക്കൾക്ക് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിൽ അനൈക്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നെന്നും കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. സമവായമുണ്ടാക്കി പട്ടിക നൽകാത്തതിൽ വേദനയുണ്ടെന്നും കെ.സി. ജോസഫ് അറിയിച്ചു.
Read Also : ഡി.സി.സി. പട്ടിക; അതൃപ്തിയറിയിച്ച് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
അതേസമയം, പാർട്ടിയിലെ തലമുതിർന്ന നേതാക്കൾ തന്നെ ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. ട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചർച്ച നടന്നില്ലെന്നും തൻറെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമർശനം നടത്തിയതിന് നേതാക്കളെ സസ്പെൻറ് ചെയ്തതിലും ഉമ്മൻ ചാണ്ടി അതൃപ്‍തി പ്രകടിപ്പിച്ചു. അച്ചടക്ക നടപടി സ്വീകരിച്ചത് ജനാധിപത്യ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്.
വിഷയത്തിൽ രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ പ്രതികരണം സംബന്ധിച്ച താരിഖ് അൻവറിനോട് രാഹുൽ ഗാന്ധി റിപ്പോർട്ട് തേടി. ഡി.സി.സി. അധ്യക്ഷ പട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Story Highlight: KC Joseph on dcc list