സ്പാനിഷ് ക്ലബുമായി കരാർ ഒപ്പിട്ടു; സിഡോ ബ്ലാസ്റ്റേഴ്സിൽ തിരികെ എത്തില്ല

കഴിഞ്ഞ രണ്ട് സീസണുകളായി കേരള ബ്ലാസ്റ്റേഴിൽ കളിക്കുന്ന സ്പാനിഷ് താരം സെർജിയോ സിഡോഞ്ച ക്ലബ് വിട്ടു. സ്പെയിനിലെ നാലാം ഡിവിഷൻ ക്ലബായ ജിംനാസ്റ്റിക്ക സെഗോവിയാനയുമായി സിഡോ കരാറിലെത്തി. സ്പാനിഷ് ക്ലബ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. (sergio cidoncha kerala blasters)
കഴിഞ്ഞ ഐഎസ്എൽ സീസണിലെ മൂന്നാമത്തെ മത്സരത്തിൽ പരുക്കേട സിഡോ സ്പെയിനിലേക്ക് മടങ്ങിയിരുന്നു. താരം ഈ സീസണിൽ ക്ലബിലേക്ക് മടങ്ങിയെത്തും എന്ന വാർത്തകളുണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്താക്കിയാണ് പുതിയ ക്ലബുമായി സിഡോ കരാറിലായത്.
2019ൽ ജംഷഡ്പൂർ എഫ്സിയിലൂടെയാണ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ സിഡോ ഇന്ത്യയിലെത്തിയത്. അടുത്ത സീസണിൽ താരം ബ്ലാസ്റ്റേഴ്സിലെത്തി. സീസണിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്ന് സിഡോയെ ക്ലബ് അടുത്ത സീസണിലേക്ക് നിലനിർത്തി. കഴിഞ്ഞ സീസണിലെ ക്യാപ്റ്റനും സിഡോ ആയിരുന്നു. എന്നാൽ മൂന്ന് മത്സരങ്ങൾ മാത്രം കളിച്ചതിനു ശേഷം സിഡോ സ്പെയിനിലേക്ക് മടങ്ങുകയായിരുന്നു.
അതേസമയം, നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കുമൊടുവിൽ അർജൻ്റൈൻ മുന്നേറ്റ നിര താരം ജോർജ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലെത്തി. ഒരു സീസണിലേക്കായി വായ്പാടിസ്ഥാനത്തിലാണ് അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് 31കാരനായ താരം ഐഎസ്എൽ ക്ലബിലെത്തുന്നത്. താരത്തെ വിട്ടുനൽകാൻ പ്ലാറ്റെൻസ് ഒരുക്കമായിരുന്നില്ലെങ്കിലും അവസാന സമയത്തെ ചരടുവലികളിലൂടെ വായ്പാടിസ്ഥാനത്തിൽ താരത്തെ ബ്ലാസ്റ്റേഴ്സ് ക്ലബിലെത്തിക്കുകയായിരുന്നു.
Read Also : അർജന്റൈൻ താരം ജോർജ് ഡയസ് ബ്ലാസ്റ്റേഴ്സിലെത്തി; വരവ് വായ്പാടിസ്ഥാനത്തിൽ
ആദ്യം മുതൽക്ക് തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ റഡാറിലുള്ള താരമാണ് ഡയസ്. എന്നാൽ, ക്ലബിൻ്റെ സുപ്രധാന താരമായ താരത്തെ വിട്ടുനൽകാനാവില്ലെന്ന് അർജൻ്റൈൻ ക്ലബ് നിലപാടെടുത്തു. കരാർ ഒരു വർഷത്തേക്ക് കൂടി ബാക്കി ഉണ്ടായിരുന്നതിനാൽ പ്ലാറ്റെൻസിൻ്റെ കടുംപിടുത്തം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുമെന്ന അവസ്ഥ വന്നു. നീക്കം നടക്കില്ലെന്ന മട്ടിലുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ക്ലബ് താരത്തിൻ്റെ വരവ് വെളിപ്പെടുത്തിയത്.
2008ൽ അർജൻ്റൈൻ ക്ലബ് ഫെറോ കാരിൽ ഓസ്റ്റെക്ക് വേണ്ടി കളിച്ചാണ് താരം പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. മെക്സിക്കോ, ബൊളീബിയ, ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും ജോർജ് ബൂട്ടണിഞ്ഞിട്ടുണ്ട്.
ഉറുഗ്വേ മധ്യനിര താരം അഡ്രിയാൻ ലൂണ, ബോസ്നിയൻ പ്രതിരോധ താരം എനെസ് സിപോവിച് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലേക്കായി ടീമിലെത്തിച്ചത്. ഡയസ് ബ്ലാസ്റ്റേഴ്സിൻ്റെ മൂന്നാമത്തെ വിദേശതാരമാണ്.
Story Highlight: sergio cidoncha left kerala blasters