ഇന്ത്യയുടെ ബാറ്റിംഗ് തകർച്ച; സൂര്യകുമാറിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ശക്തം

സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിലെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം. ഇന്ത്യയുടെ മധ്യനിര മോശം പ്രകടനങ്ങൾ തുടരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് പരിമിത ഓവർ മത്സരങ്ങളിൽ ഗംഭീര പ്രകടനം നടത്തിയ സൂര്യയെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നത്. താരത്തെ ആറാം നമ്പർ ബാറ്റ്സ്മാനായി ഉൾപ്പെടുത്തണമെന്നും പൂജാരക്കോ രഹാനയ്ക്കോ പകരക്കാരനായി ഉൾപ്പെടുത്തണമെന്നുമൊക്കെ ആവശ്യം ഉയരുന്നുണ്ട്. മുൻ താരങ്ങൾ അടക്കം പലരും സൂര്യയെ കളിപ്പിക്കണമെന്ന പക്ഷക്കാരാണ്. (suryakumar yadav india test)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി വഴങ്ങിയതിനു പിന്നാലെയാണ് സൂര്യക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തമായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ മധ്യനിര മികച്ച പ്രകടനം നടത്തിയിരുന്നില്ല. ഓപ്പണർമാർ കളിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് മികച്ച സ്കോർ നേടാൻ കഴിഞ്ഞിരുന്നുള്ളൂ. വിരാട് കോലിയും ഋഷഭ് പന്തും ഫോമിൽ അല്ലാത്തത് പ്രതിസന്ധി വർധിപ്പിച്ചു. പൂജാരയും രഹാനെയുമാവട്ടെ, വല്ലപ്പോഴും നേടുന്ന ചില സ്കോറുകളുടെ ബലത്തിലാണ് ടീമിൽ തുടരുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ടീമിൻ്റെ മധ്യനിര ശക്തമാക്കണമെന്നും സൂര്യയെ ടീമിൽ ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം.
Read Also : ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിനും 76 റണ്‍സിനും തോല്‍വി
പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ ലോകേഷ് രാഹുലാണ് രണ്ടാമത്. ഇന്ത്യൻ താരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ് രാഹുൽ. രോഹിത് ശർമ്മ മൂന്നാമതും ചേതേശ്വർ പൂജാര നാലാമതും ഉണ്ട്. രവീന്ദ്ര ജഡേജ ആറാമതും വിരാട് കോലി എട്ടാമതും നിൽക്കുമ്പോൾ രഹാനെ 9ആം സ്ഥാനത്താണ്. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 95 റൺസാണ് രഹാനെയ്ക്കുള്ളത്. 10ആം സ്ഥാനത്തുള്ള ഋഷഭ് പന്തിന് ആകെയുള്ളത് 87 റൺസ്. കോലിയും (124 റൺസ്) ജഡേജയും (133 റൺസ്) പ്രതീക്ഷക്കൊത്ത് പ്രകടനം നടത്തുന്നില്ല.
അതേസമയം, ആറാമതൊരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ എന്ന ഓപ്ഷൻ അടുത്ത ടെസ്റ്റിൽ സ്വീകരിക്കില്ല എന്നാണ് കോലി അറിയിച്ചത്. അങ്ങനെയെങ്കിൽ സൂര്യകുമാർ ടീമിലെത്തണമെങ്കിൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ മാറ്റേണ്ടിവരും. അങ്ങനെയൊരു തീരുമാനം ടീം മാനേജ്മെൻ്റ് എടുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ഋഷഭ് പന്തിനു പകരം സാഹ കളിച്ചേക്കാനിടയുണ്ട്. പന്തിനു പകരം രാഹുലിനെ വിക്കറ്റ് കീപ്പറാക്കി സൂര്യകുമാറിനെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ജഡേജയ്ക്ക് പകരം ആർ അശ്വിൻ ടീമിലെത്താനും സാധ്യതയുണ്ട്.
Story Highlight: suryakumar yadav india test team england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here