പരമ്പര വിജയിക്കണമെങ്കിൽ ഇനിയും കോലിയെ നിശബ്ദനാക്കി നിർത്തണം: ജോ റൂട്ട്

ഇന്ത്യക്കെതിരെ പരമ്പര വിജയിക്കണമെങ്കിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ ഇനിയും നിശബ്ദനായി നിർത്തണമെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. കോലിയുടെ വിക്കറ്റുകൾ വേഗം വീഴ്ത്തേണ്ടതുണ്ടെന്നും ഇതുവരെ തങ്ങൾക്ക് അതിനു കഴിഞ്ഞിട്ടുണ്ടെന്നും റൂട്ട് നാലാം ടെസ്റ്റിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. (joe root virat kohli)
“അത് ഞങ്ങളുടെ ബൗളർമാരുടെ മികവാണ്. വിരാട് കോലി ഒരു ലോകോത്തര താരമാണ്. അതുകൊണ്ട് തന്നെ ബൗളർമാരുടെ മികവ് തന്നെയാണത്. കോലിയെ നിശബ്ദനാക്കി നിർത്താൻ ബൗളർമാർക്ക് സാധിച്ചു. അത് ബൗളർമാരുടെ മികച്ച പ്രകടനം തന്നെയാണ്. പരമ്പര വിജയിക്കണമെങ്കിൽ ഞങ്ങൾക്ക് അത് തുടരേണ്ടതുണ്ട്. ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കാൻ ഓരോ വഴികൾ കണ്ടെത്തിക്കൊണ്ടിരുന്നു.”- റൂട്ട് പറഞ്ഞു.
Read Also : നാലാം ടെസ്റ്റിൽ ആൻഡേഴ്സണോ റോബിൻസണോ വിശ്രമം അനുവദിക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ
ഇതുവരെ പരമ്പരയിലെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി 124 റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. 24.8 ആണ് ശരാശരി. ഓഫ് സ്റ്റമ്പിനു പുറത്ത് വരുന്ന പന്തുകളിൽ ബാറ്റ് വച്ചായിരുന്നു താരത്തിൻ്റെ വിക്കറ്റുകളിൽ അധികവും സംഭവിച്ചത്.
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിംഗ്‌സിനും 76 റൺസിനും ഇന്ത്യയെ തകർത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ 354 റൺസ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാൽ തുടക്കത്തിലെ ചേതേശ്വർ പൂജാരയെയും(91) ക്യാപ്റ്റൻ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രെയിഗ് ഓവർട്ടൺ മൂന്ന് വിക്കറ്റ് നേടി. സ്‌കോർ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവരും പോരാട്ടമില്ലാതെ മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചു.
ആദ്യ ടെസ്റ്റ് സമനില ആയപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഗംഭീര ജയം കുറിച്ചിരുന്നു. 151 റൺസിനാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് വിജയിച്ചത്. രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കെ ടെസ്റ്റ് പരമ്പര ആവേശകരമാവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here