Advertisement

രാജ്യാന്തര ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ; ക്രിസ്റ്റ്യാനോയ്ക്ക് ഗിന്നസ് റെക്കോർഡ്

September 3, 2021
Google News 3 minutes Read
cristiano ronaldo guinnes records

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗിന്നസ് ബുക്കിൽ. പുരുഷ രാജ്യാന്തര ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്ഥാപിച്ചതോടെയാണ് പോർച്ചുഗീസ് ഇതിഹാസം ഗിന്നസ് ബുക്കിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം അയർലൻഡിനെതിരെ നേടിയ ഇരട്ട ഗോളുകൾ ക്രിസ്റ്റ്യാനോയെ ഈ നേട്ടത്തിലെത്തിക്കുകയായിരുന്നു. ഇറാൻ്റെ മുൻ സ്ട്രൈക്കർ അലി ദേയിയുടെ റെക്കോർഡ് ആണ് ക്രിസ്റ്റ്യാനോ തകർത്തത്. (cristiano ronaldo guinnes records)

111 ഗോളുകളാണ് നിലവിൽ ക്രിസ്റ്റ്യാനോയ്ക്ക് ഉള്ളത്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൻ്റെ 89ആം മിനിട്ടിലും ഇഞ്ചുറി ടൈമിലും ഗോളടിച്ച താരം ഐറിഷ് ടീമിനെതിരെ പോർച്ചുഗലിന് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമൊരുക്കി.

കഴിഞ്ഞ ദിവസം ഇറ്റാലിയൻ ക്ലബ് യുവൻ്റസിൽ നിന്ന് തൻ്റെ ആദ്യ കാല തട്ടകമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങിയെത്തിയിരുന്നു. രണ്ട് വർഷത്തേക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന് എല്ലായ്പ്പോഴും തൻ്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ആരാധകരാൽ നിറഞ്ഞ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ മത്സരിക്കാനായി താൻ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോസ്റ്റ് ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്തിരുന്നു. ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗൺസ്മെൻ്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ തിരികെയെത്തി എന്ന പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ക്രാഷ് ആയിരുന്നു. കൈമാറ്റ വിവരങ്ങളറിയാൻ ആളുകൾ ഇടിച്ചുകയറിയപ്പോൾ ട്രാഫിക് അധികരിച്ചു എന്നും ഇത് സൈറ്റ് ക്രാഷ് ആവുന്നതിനു കാരണമായി എന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏറെ വൈകാതെ അധികൃതർ സൈറ്റിലെ പ്രശ്നം പരിഹരിച്ചു.

12 വർഷങ്ങൾക്ക് ശേഷമാണ് റൊണാൾഡോ യുണൈറ്റഡ് ജഴ്സിയിൽ തിരികെയെത്തുന്നത്. കരിയറിൻ്റെ ആദ്യ കാലത്ത് 2003 മുതൽ 2009 വരെ റൊണാൾഡോ യുണൈറ്റഡിനായി കളിച്ചിരുന്നു. പിന്നീട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്ന് യുവൻ്റസിലേക്കും അദ്ദേഹം ചേക്കേറി.

Story Highlight: cristiano ronaldo guinnes records

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here