ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീം; സഞ്ജു ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്

വരുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ടീം തീരുമാനിക്കപ്പെട്ടു കഴിഞ്ഞെന്നും പ്രഖ്യാപിക്കുക മാത്രമാണ് വേണ്ടതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ടീം പ്രഖ്യാപനം ഉണ്ടായേക്കും. (India T20 World squad)
മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചേക്കില്ലെന്നാണ് സൂചന. രാജ്യാന്തര ക്രിക്കറ്റിൽ ചില മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ഇഷാൻ കിഷൻ സഞ്ജുവിനു പകരം ഇടം പിടിക്കും. ഋഷഭ് പന്ത് ഉള്ളതിനാൽ കിഷൻ ബാക്കപ്പ് വിക്കറ്റ് കീപ്പറായാവും ഇടം നേടുക. സ്പിന്നർമാരായ വരുൺ ചക്രവർത്തിയോ രാഹുൽ ചഹാറോ യുസ്‌വേന്ദർ ചഹാലിനൊപ്പം ടീമിൽ ഇടം നേടും. ഫിറ്റ്നസ് കൂടി പരിഗണിക്കുമ്പോൾ രാഹുൽ ചഹാറിനാവും സാധ്യത. പരുക്കേറ്റ് ഐപിഎലിൽ നിന്ന് പുറത്തായ വാഷിംഗ്ടൺ സുന്ദർ ലോകകപ്പ് ടീമിൽ നിന്നും പുറത്തായേക്കും. ഐപിഎൽ മുഴുവൻ കളിക്കാത്തതിനാൽ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടാലും മാച്ച് പ്രാക്ടീസ് ഇല്ലാതെ താരത്തിന് കളിക്കാൻ ഇറങ്ങേണ്ടിവരും.
Read Also : ബെൻ സ്റ്റോക്സ് ലോകകപ്പിലും കളിച്ചേക്കില്ല; ഇംഗ്ലണ്ടിനു തിരിച്ചടി
സമീപകാലത്തൊന്നും പന്തെറിഞ്ഞിട്ടില്ലാത്തതിനാൽ ഹർദ്ദിക് പാണ്ഡ്യ ടീമിൽ ഇടം നേടുമോ എന്നത് സംശയമാണ്. പകരം ശർദ്ദുൽ താക്കൂറിന് ഇടം ലഭിക്കാൻ സാധ്യതയുണ്ട്. പരുക്കിൽ നിന്ന് മുക്തനായ ശ്രേയാസ് അയ്യരും കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവും ടീമിൽ ഇടം നേടും.
ചേതൻ സക്കരിയ നെറ്റ് ബോളറായി ഉൾപ്പെടാനിടയുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി പരുക്കിനെ തുടർന്ന് പുറത്തിരിക്കുന്ന നടരാാജന് ഇടം ലഭിച്ചേക്കില്ല. രോഹിതിനൊപ്പം കെഎൽ രാഹുലാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ദീപക് ചഹാറും 15 അംഗ ടീമിൽ ഉൾപ്പെടാനിടയുണ്ട്.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlight: India T20 World Cup squad announcement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here