Advertisement

തൃക്കാക്കര ഓണസമ്മാന വിവാദം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അജിതാ തങ്കപ്പൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

September 9, 2021
Google News 2 minutes Read
thrikkakkara ajita thankappan petition

പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്. കൂടാതെ പ്രതിപക്ഷ കൗൺസിലർമാർ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പൻ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പൊലീസ് പാലിക്കുന്നില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക. പണക്കിഴി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് നഗരസഭാധ്യക്ഷ ഹൈക്കോടതിയിൽ ഹർജി നൽകിയത്. (thrikkakkara ajita thankappan petition)

തൃക്കാക്കര ഓണസമ്മാന വിവാദത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അജിതാ തങ്കപ്പൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കൗൺസിൽ യോഗവും വിളിച്ചു ചേർക്കുമെന്നും അജിത തങ്കപ്പൻ വ്യക്തമാക്കി.

തൃക്കാക്കര നഗരസഭാ ചേംബറിൽ പ്രവേശിച്ചത് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്ന് അജിത തങ്കപ്പൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഓഫിസ് ഉപരോധത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നഗരസഭയിലെത്തിയ അധ്യക്ഷയ്ക്ക് പൂട്ട് തകരാറിലായതിനാൽ ഓഫിസിൽ കടക്കാനായിരുന്നില്ല. രാത്രി ഏഴുമണിയോടെ പൂട്ട് തകർത്തു അധ്യക്ഷ അജിത തങ്കപ്പൻ അകത്തു കയറുകയായിരുന്നു.

Read Also : തൃക്കാക്കര ഓണസമ്മാന വിവാദം; നാളെയും നഗരസഭയിൽ പോകും, നിയമ നടപടികൾ സ്വീകരിക്കും: അജിത തങ്കപ്പൻ

ഇതോടൊപ്പം നഗരസഭാ സെക്രട്ടറി പതിച്ച നോട്ടിസും നീക്കി. ഇത് നിയമവിരുദ്ധമെന്ന് കാട്ടി ഇടതുപക്ഷം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിനെയും തദ്ദേശ ഭരണ ഡയറക്ടറെയും അറിയിച്ച ശേഷം നഗരസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പൂട്ട് പൊളിച്ച് അകത്ത് കയറിയതെന്നാണ് നഗരസഭാധ്യക്ഷയുടെ നിലപാട്.

ഓണസമ്മാന വിവാദത്തിൽ അജിതാ തങ്കപ്പനെതിരെ കേസെടുക്കാൻ വിജിലൻസ് തീരുമാനിച്ചിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ട്രേറ്റിന്റെ അനുമതി തേടി.

വിജിലൻസ് ഡയറക്ട്രേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇതുവരെ നടത്തിയ അന്വേഷണം ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. ആരോപണത്തിൽ കഴമ്പുണ്ടെന്നും തുടരന്വേഷണം വേണമെന്നും ക്യു.വി റിപ്പോർട്ടിൽ പറയുന്നു. ചെയർപേഴ്സണെതിരായ കൃത്യമായ തെളിവുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്.

Story Highlight: thrikkakkara ajita thankappan petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here