പാലാ ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ല; തീവ്രവാദമെന്ന് പറയുമ്പോൾ ഒരു മതവിഭാഗം അത് ഏറ്റെടുത്താൽ എന്ത് ചെയ്യും ? : സുരേഷ് ഗോപി എം.പി

പാലാ ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും എംപി വ്യക്തമാക്കി. പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ( suresh gopi support pala bishop )
സുരേഷ് ഗോപിയുടെ വാക്കുകൾ :
ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. മാധ്യമങ്ങളെ അറിയിക്കേണ്ടതായ ഒന്നും സംസാരിച്ചിട്ടില്ല. സാമൂഹിക വിഷയങ്ങൾ സംസാരിച്ചു. പാലാ ബിഷപ്പ് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് ഞങ്ങളെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ഏറ്റെടുത്താൽ അതെങ്ങനെ ശരിയാകും ? ഒരു മതത്തിനേയും അദ്ദേഹം റെഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റെഫർ ചെയ്തിട്ടുണ്ടാകും. ഞങ്ങൾ ചർച്ച ചെയ്തതൊന്നും നിങ്ങൾ മാധ്യമങ്ങളെ അറിയിക്കാനുള്ളതല്ല.
ബിഷപ്പ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടുമെന്നും ബിഷപ്പിനെ സന്ദർശിക്കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഇടപെടൽ.
സല്യൂട്ട് വിവാദത്തെ കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. പൊലീസ് അസോസിയേഷൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമല്ലെന്നും, പൊലീസുകാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അതെന്നും സുരേഷ് ഗോപി പറഞ്ഞു. അസോസിയേഷന് രാഷ്ട്രീയം കളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സല്യൂട്ട് തന്നെ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, എന്നാൽ സെല്യൂട്ട് നൽകുമ്പോൾ വിവേചനം കാണിക്കരുതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർകോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി എംപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. നാർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറഞ്ഞു. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
Read Also : ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം; ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത
ബിഷപ്പിന്റെ വാക്കുകൾ –‘ മുസ്ലീംങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് ‘.
Story Highlight: suresh gopi support pala bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here