പാലാ ബിഷപ്പുമായി പ്രശ്നങ്ങൾ ഇല്ല, കാണേണ്ട സാഹചര്യം ഉണ്ടെങ്കിൽ കാണും; വി ഡി സതീശൻ

പാലാ ബിഷപ്പുമായി ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായതിനാലാണ് ബിഷപ്പിനെ കാണാത്തതെന്നും കാണേണ്ട സാഹചര്യം ഉണ്ടെങ്കിൽ താൻ തീർച്ചയായും കാണുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. വിഷയം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുത്താൽ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായതോടെ അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സമവായത്തിനല്ല എത്തിയതെന്നും കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചു
വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ഒരു മണിക്കൂറോളമാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും നടത്തി സമവായങ്ങളിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ നേതൃത്വവുമായി വേണ്ടിവന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.
Story Highlights : V D Satheesan about Pala Bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here