Advertisement

ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണം: കെ.എൻ ബാലഗോപാൽ

September 18, 2021
Google News 1 minute Read
KN Balagopal on fuel price

ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധന വില കുറയ്ക്കാൻ ജി.എസ്.ടി അല്ല പരിഹാരമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഭക്ഷ്യ എണ്ണയ്ക്ക് നികുതി ഇളവ് ഉള്ളപ്പോൾ വെളിച്ചെണ്ണയ്ക്ക് കൂട്ടുന്നത് ശരിയല്ല. പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ കൊണ്ടുവന്നാൽ വില കുറയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയുമാണ് സെസിനത്തിൽ പിരിക്കുന്നത്. ബി.ജെ.പി നയത്തിന്റെ ഭാഗമായാണ് പെട്രോൾ ഡീസൽ വില ഉയരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കേരളത്തിന്റെ നിലപാട് അറിയിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാൽ പറഞ്ഞു.

Read Also : ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ചികിത്സിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍

അതേസമയം, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്ന വിഷയത്തിൽ തീരുമാനമായില്ല. ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിച്ചില്ല. സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പ് പരിഗണിച്ച് വിഷയം പിന്നീട് പരിഗണിക്കാനാണ് തീരുമാനം. വിഷയം പ്രത്യേക കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതായും സൂചന.

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചത്.

എന്നാൽ തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനി പിന്നോട്ട് പോകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പല ഘട്ടത്തിലും വാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ആലോചിക്കാതെ പല സംസ്ഥാനങ്ങളും വലിയ രീതിയിലുള്ള നികുതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് ഇത് കാരണമായെന്നും ഇന്ധന വില കുറയ്ക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുന്നതെന്നും കേന്ദ്ര സർക്കാർ പറയുന്നു. ആദ്യ ഘട്ടത്തിൽ ഏവിയേഷൻ ഫ്യുവലായിരിക്കും ഈ പരിധിയിൽ വരികയെന്നാണ് റിപ്പോർട്ട്.

വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടർച്ചയായ് നിർദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിർദേശിക്കും പോലെ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.

Story Highlights : KN Balagopal on fuel price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here