22
Oct 2021
Friday
Covid Updates

  മോൻസണിന്റെ പക്കൽ കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും

  monson mavunkal kareena kapoor

  ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും മോൻസണിന്റെ പക്കൽ ഉണ്ടെന്ന് കണ്ടെത്തൽ. കാർ ഒരു വർഷത്തിലധികമായി ചേർത്തല പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലാണ്. ( monson mavunkal kareena kapoor )

  പോർഷെ ബോക്സ്റ്റർ കാറാണ് മോൻസൺിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ യാർഡിൽ സക്ഷിച്ചിരുന്ന കാർ ഒരു കേസിനെ തുടർന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2007 മോഡൽ കാറാണ് മോൻസൺ കൈവശം വച്ചിരുന്നത്. ചേർത്തല സ്റ്റേഷനിൽ ഉള്ള 20 ആഡംബരക്കാറുകൾക്കൊപ്പമാണ് കരീനയുടെ പേരിലുള്ള കാറുമുള്ളത്. പ്രളയത്തിൽ നശിച്ച ആഢംബര കാറുകൾ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധം ആരംഭിച്ചതിന് ശേഷം മോൻസൺ അവരുടെ യാർഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ലീസ് തുക തട്ടിയെന്ന് പറഞ്ഞ് ശ്രീവത്സം ഗ്രൂപ്പിനെതിരെ മോൻസൺ പരാതി നൽകിയിരുന്നു. ആറര കോടി രൂപ കൈപ്പറ്റുകയും, ബാക്കി തുക തന്നില്ലെന്നുമായിരുന്നു മോൻസണിന്റെ പരാതി. ഇത് വ്യാജ പരാതിയാണെന്ന നിഗമനത്തിലാണ് പൊലീസ്.

  അന്ധേരി വെസ്റ്റിൽ കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് ഇത്. ഇതെങ്ങനെയാണ് മെൻസണിന്റെ കൈവശം എത്തിയതെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

  വാഹന റജിസ്ട്രഷനിലും മോൻസൺ മാവുങ്കൽ വലിയ ക്രമക്കേട് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മോൻസന്റെ വാഹനങ്ങൾ വ്യജ രജിസ്‌ട്രേഷനിലുള്ളതാണെന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. മോൻസണിന്റെ പക്കലുള്ള പല ആഢംബര കാറുകളും രൂപമാറ്റം വരുത്തിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

  മോൻസണിന്റെ കലൂരിലെ വീട്ടിൽ ഏഴ് വാഹനങ്ങളാണ് ഉള്ളത്. അതിൽ ഒരു വാഹനം ഒഴികെ ബാക്കിയെല്ലാം വ്യാജ നമ്പറിലുള്ള കാറുകളാണ്. മോൻസന്റെ പക്കലുള്ള ഫെറാറി കാർ പ്രാദേശിക വർക്ക്‌ഷോപ്പിലൂടെ മിത്‌സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണം നടത്തും.

  Read Also : മോൻസണിന്റെ പക്കലുള്ളത് ഫെറാറി കാർ അല്ല; മിത്‌സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയത്

  അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. മോൻസണിന്റെ സഹായികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും.

  പണമിടപാട് വിവരങ്ങൾ ശേഖരിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മോൻസണെ മൂന്നുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടും. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കൾ വ്യാജമാണെന്ന് ഇന്നലെ തന്നെ ചോദ്യം ചെയ്യലിൽ മോൻസൺ സമ്മതിച്ചിരുന്നു. പരാതിക്കാർ നൽകിയ ഫോൺരേഖ മോൻസണിന്റേത് തന്നൊയണോ എന്ന് സ്ഥിരീകരിക്കാൻ ശബ്ദപരിശോധന നടക്കുകയാണ്. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ശബ്ദശേഖരണം നടത്തുന്നത്.

  മോൻസൺ മാവുങ്കൽ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാർ ആരോപിച്ചത്. 4 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകളാണ് ക്രൈംബ്രാഞ്ചിന് നിലവിൽ ലഭിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധനയിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് തെളിവുകൾ ലഭിച്ചത്. ബാങ്ക് വഴി കൈപറ്റിയ പണം താൻ വാങ്ങിയിട്ടുണ്ടെന്നും മോൻസൺ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

  എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മോൻസൺ ചോദ്യം ചെയ്യലിൽ നിഷേധിച്ചു. 10 കോടി രൂപ താൻ ആരിൽ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മോൻസൺ ആവർത്തിച്ചു. നാല് കോടിയിലെ വിഹിതം ആഡംബര ജീവിതത്തിനായി ഉപയോഗിക്കാനും ബാക്കി തുക പുരാവസ്തുക്കൾ വാങ്ങാനും വിനിയോഗിച്ചതായി മോൻസൺ സമ്മതിച്ചു. പുരാവസ്തുക്കൾ കാണിച്ച് നടത്തിയ തട്ടിപ്പിൽ മോൻസണെതിരെ വഞ്ചനാക്കുറ്റവും ക്രൈംബ്രാഞ്ച് ചുമത്തിയേക്കും.

  അതിനിടെ, മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധന നടത്തും. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി

  Story Highlights: monson mavunkal kareena kapoor

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top