അപകീർത്തികരമായ പരാമർശം; റോയ് മാത്യുവിനും, വിനു വി ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി മനീഷാ രാധാകൃഷ്ണൻ

റോയ് മാത്യുവിനും, വിനു വി ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വ. മനീഷ രാധാകൃഷ്ണൻ. അഭിഭാഷകയെന്ന നിലയിൽ പരാതിയുമായി ഏത് അറ്റം വരെയും പോകുമെന്നും, ഇതിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിക്കില്ലെന്നും മനീഷ ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസിൽ ഇത് സംബന്ധിച്ച പരാതി നൽകിയെന്നും മനീഷ അറിയിച്ചു. ഇന്നലെ ഏഷ്യാനെറ്റിൽ വിനു വി ജോൺ നടത്തിയ ചർച്ചയ്ക്കിടെ മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യു അഡ്വ. മനീഷ രാധാകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഈ വിഷയത്തിലാണ് മനീഷ നിയമ നടപടിക്കൊരുങ്ങുന്നത്. ( maneesha radhakrishnan against asianet )
കുഞ്ഞിന്റെ പിറന്നാൾ ആഘോഷം എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തെ കുറിച്ചും മനീഷ പ്രതികരിച്ചു. അത് തന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളല്ലെന്ന് മനീഷ പറയുന്നു.
മനീഷയുടെ വാക്കുകൾ :
കുറേ ദിവസങ്ങളായി എന്റെ മകളുടെ പിറന്നാൾ ആഘോഷം എന്ന പേരിൽ ഒരു ദൃശ്യം പ്രചരിക്കുന്നത്. എന്നാൽ അത് എന്റെ മകളുടെ പിറന്നാൾ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ എന്ന സംഘടനയുടെ ആന്വൽ മീറ്റ് ജനുവരിയിൽ ബോൾഗാട്ടിയിൽ വച്ച് സംഘടിപ്പിച്ചിരുന്നു. എന്റെ ഭർത്താവും മാധ്യമപ്രവർക്കനുമായ സഹിൻ ആന്റണിയെ ആദരിക്കുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. അന്ന് സഹിൻ ആന്റണിയുടെ പിറന്നാൾ കൂടിയായിരുന്നു. ചടങ്ങിന്റെ അവതാരക അപ്രതീക്ഷിതമായി പിറന്നാളിന്റെ കാര്യം സ്റ്റേജിൽ അനൗൺസ് ചെയ്യുകയും, സഹിന്റെ പിറന്നാൾ അവിടെ വച്ച് ആഘോഷിക്കാൻ പോവുകയാണെന്നും അനൗൺസ് ചെയ്തു. അങ്ങനെയാണ് അവിടെ വച്ച് കേക്ക് മുറിക്കുന്നത്. വേദിയിൽ കേക്ക് കണ്ടപ്പോൾ എന്റെ മകൾ അവിടേക്ക് ഓടിക്കയറുകയായിരുന്നു.
തന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷമെന്ന നിലയിൽ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയെല്ലാം ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസിൽ പരാതി നൽകിയെന്നും മനീഷ പറഞ്ഞു. ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും പരാതി നൽകുമെന്നും മനീഷ വ്യക്തമാക്കി.
മനീഷയുടെ വാക്കുകൾ സ്ഥിരീകരിച്ച് പ്രവാസി മലയാളി ഫെഡറേഷൻ പ്രസിഡന്റ് ജോസ് കാനാട്ടും രംഗത്തെത്തി. പ്രചരിക്കുന്ന ദൃശ്യത്തിൽ താനുമുണ്ടെന്നും അത് സഹിൻ ആന്റണിയെ ആദരിക്കുന്ന ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണെന്നും ജോസ് കാനാട്ട് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: maneesha radhakrishnan against asianet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here