സാം കറനു പകരക്കാരനായി; ഡൊമിനിക് ഡ്രേക്സ് ചെന്നൈ സൂപ്പർ കിംഗ്സിൽ

സാം കറനു പകരക്കാരനായി വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡൊമിനിക് ഡ്രേക്സ് ചെന്നൈ സൂപ്പർ കിംഗ്സിൽ. ഐപിഎൽ സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ താരം ചെന്നൈക്കായി കളിക്കും. മുംബൈ ഇന്ത്യൻസിൻ്റെ നെറ്റ് ബൗളറായ ഡൊമിക് നിലവിൽ ഐപിഎൽ ബബിളിൽ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ താരത്തിന് നേരിട്ട് ചെന്നൈ ടീമിനൊപ്പം ചേരാം. (CSK Dominic Drakes Curran)
23കാരനായ ഡൊമിനിക് കഴിഞ്ഞ കരീബിയൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്നു. 16 വിക്കറ്റുകളുമായി താരം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. സെൻ്റ് കിറ്റ്സ് ആൻഡ് നെവിസിൻ്റെ താരമായിരുന്ന ഡൊമിനിക് ഫൈനലിൽ 24 പന്തുകൾ നേരിട്ട് 48 റൺസ് നേടി പുറത്താവാതെ നിന്ന് തൻ്റെ ബാറ്റിംഗ് മികവും തെളിയിച്ചിരുന്നു.
Read Also : പരുക്ക്: സാം കറൻ ഐപിഎലിൽ നിന്ന് പുറത്ത്
മുതുകിനു പരുക്കേറ്റതിനെ തുടർന്നാണ് സാം കറൻ ഐപിഎലിൽ നിന്ന് പുറത്തായത്. സാം തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഐപിഎലിനു പിന്നാലെ ടി-20 ലോകകപ്പും സാം കറന് നഷ്ടമാകും. സാം കറനു പകരം സഹോദരൻ ടോം കറനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് സാം കറന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മത്സരത്തിൽ 4 ഓവർ എറിഞ്ഞ താരം 55 റൺസ് വഴങ്ങിയിരുന്നു. മത്സരത്തിനു ശേഷം നടത്തിയ സ്കാനിൽ പരുക്ക് വ്യക്തമാവുകയായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പുറത്താവേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് സാം പറഞ്ഞു. ടീം കിരീടം നേടുമെന്നാണ് പ്രതീക്ഷയെന്നും ടീമിനെ പിന്തുണയ്ക്കുമെന്നും ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച വിഡിയോയിൽ താരം വ്യക്തമാക്കി.
അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസ് ആണ് നേടിയത്. 44 റൺസെടുത്ത ജേസൻ റോയ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 31 റൺസെടുത്തു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: CSK sign Dominic Drakes Sam Curran replacement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here