ഹരിയാനയിൽ ബിജെപി എംപിയുടെ വാഹനമിടിച്ച സംഭവം; കർഷകർക്കെതിരെ കേസ്

ഹരിയാനയിൽ കർഷകർക്കിടയിലേക്ക് ബിജെപി എംപിയുടെ കാർ പാഞ്ഞുകയറിയ സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ കേസ്. കർഷകർ നൽകിയ പരാതി കണക്കിലെടുക്കാതെ തങ്ങൾക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് കർഷകർ ആരോപിച്ചു. മൂന്നു കേസുകളാണ് പ്രതിഷേധക്കാർക്കെതിരെ എടുത്തിട്ടുള്ളത്.
നേരത്തെ അപകടത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന ഉറപ്പിനെ തുടർന്ന് കർഷകർ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. എന്നാൽ അംബാലയിലെ നരിൻഗഡിൽ സമരം തുടരാനാണ് പുതിയ തീരുമാനം. അതേസമയം ആരോടും അനീതി ഉണ്ടാകില്ലെന്നും ഒരു സമ്മർദ്ദത്തിലും തങ്ങൾ തെറ്റായ നടപടി എടുക്കില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അനിൽ കുമാർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ, കർഷകർക്കിടയിലേക്കു ബിജെപി എംപി നായെബ് സൈനിയുടെ വാഹനവ്യൂഹത്തിലെ കാറുകളിൽ ഒരെണ്ണം പാഞ്ഞുകയറുകയായിരുന്നെന്നാണ് ആരോപണം. സംഭവത്തിൽ ഒരാൾക്കു പരുക്കേറ്റിരുന്നു.