Advertisement

പ്രതിയുടെ പ്രായം നോക്കിയല്ല ശിക്ഷ വിധിക്കേണ്ടത്; സൂരജിന് വധശിക്ഷ നല്‍കണമായിരുന്നെന്ന് ജ.കെമാല്‍ പാഷ

October 13, 2021
Google News 2 minutes Read
justice kemal pasha

ഉത്രവധക്കേസില്‍ കോടതി വിധിക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കേസാണെങ്കില്‍ വധശിക്ഷ നല്‍കണമായിരുന്നെന്നും പ്രതിയുടെ പ്രായവും മുന്‍കാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണമെന്നും ജ.കെമാല്‍ പാഷ ട്വന്റിഫോറിനോട് പ്രതികരിച്ചു. justice kemal pasha

‘അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാവുന്ന കേസാണെങ്കില്‍ ഉത്രാവധക്കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നു. ഇതുപോലെ വധശിക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റൊരു കേസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല. വലിയ ആസൂത്രണം നടന്നിട്ടുള്ള സംഭവമാണിത്.

പ്രതിയുടെ പിതാവിനെതിരെ തെളിവുനശിപ്പിക്കലിന് കേസെടുക്കാത്തത് എന്തുകൊണ്ടാണ്? പ്രതിയുടെ കുടുംബത്തിനും കേസില്‍ പങ്കുണ്ട്. ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ് കൊടുക്കേണ്ടത്. പ്രതിയുടെ പ്രായം, മുന്‍കാല ചരിത്രം എന്നിവ പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ്. പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ല എന്ന നിയമമൊന്നുമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവരും അപരിഷ്‌കൃതമെന്ന് പറയുന്നവരുമുണ്ട്. സ്വന്തം വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴേ അവരൊക്കെ പഠിക്കൂ. വധശിക്ഷ നടപ്പാക്കുന്ന മറ്റ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്’. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

Read Also : സൂരജിന് എന്തുകൊണ്ട് തൂക്കുകയർ ലഭിച്ചില്ല ? വിരൽ ചൂണ്ടുന്നത് മൂന്ന് കാരണങ്ങളിലേക്ക്

ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രതി സൂരജിന് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ലഭിച്ചത് ഇരട്ട ജീവപര്യന്തമാണ്. അതിന് കാരണമായി കോടതി കണ്ടെത്തിയത് മൂന്ന് കാരണങ്ങളാണ്. പ്രതിക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല. സമൂഹത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കുറ്റവാളിയായി സൂരജിനെ കോടതി കണ്ടില്ല. ഒപ്പം പ്രതിയുടെ പ്രായവും കോടതി കണക്കിലെടുത്താണ് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ഒഴിവാക്കിയത്. വിഷവസ്തു ഉപയോഗിച്ച് കൊല ചെയ്തതിന് 10 വര്‍ഷം, തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം എന്നിങ്ങനെ 17 വര്‍ഷം തടവ് ശിക്ഷയ്ക്ക് ശേഷമാണ് വധശ്രമത്തിനും, കൊലപാതകത്തിനു ഇരട്ട ജീവപര്യന്തം ശിക്ഷ.

കോടതി വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍ വിധിയില്‍ തൃപ്തരല്ലാത്തതിനാല്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും വിധി കേട്ട ശേഷം ഉത്രയുടെ കുടുംബം പ്രതികരിച്ചു.

Story Highlights : justice kemal pasha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here