Advertisement

ക്രൂരമായ കൊലപാതകം നടത്തിയതിന്റെ ഒരു കൂസലുമില്ല; ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റത് വിശദീകരിച്ച് സൂരജ്

October 13, 2021
Google News 2 minutes Read
sooraj about uthra murder

ഉത്രയ്ക്ക് ആദ്യം അണലിയുടെ കടിയേറ്റതെങ്ങനെയെന്ന് വിശദീകരിച്ച് സൂരജ്. ഉത്ര മരിച്ച ദിവസം പ്രതി സൂരജ് പ്രാദേശിക ചാനലിന് നൽകിയ അഭിമുഖം ട്വന്റിഫോറിന് ലഭിച്ചത്. ക്രൂരമായ കൊലപാതകം നടത്തിയതിന്റെ ഒരു കൂസലുമില്ലാതെയായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടുള്ള സൂരജിന്റെ ഉത്തരങ്ങൾ. ( sooraj about uthra murder )

അണലിയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചുവെന്നതായിരുന്നു അന്നത്തെ വാർത്ത. മെയ് ഏഴിന് വാർത്തയുമായി ബന്ധപ്പെട്ട് സൂരജ് നൽകിയ അഭിമുഖമാണ് ട്വന്റിഫോറിന് ലഭിച്ചത്.

സൂരജിന്റെ വാക്കുകൾ ഇങ്ങനെ :

വലത്തേക്കാലിൽ ഉപ്പൂറ്റിക്ക് മുകളിലായാണ് വേദന ഉണ്ടായത്. അലക്ക് കല്ലിന്റെ അടുത്ത് വച്ചായിരുന്നു സംഭവം. ഉടൻ തന്നെ അച്ഛനെ വിളിച്ച്, അച്ഛൻ തുണിയെടുത്ത് കെട്ടി. അപ്പോഴേക്കും അടൂർ സർക്കാർ ആശുപത്രിയിൽ പോയി. അവിടെ അവർക്ക് ഉറപ്പിക്കാൻ പറ്റിയില്ല എന്താ കടിച്ചതെന്ന്. അവിടുന്ന് ഹോളി ക്രോസിലേക്ക് കൊണ്ടുപോയി. രക്തം ടെസ്റ്റ് ചെയ്തപ്പോ വിഷം കേറിയിട്ടുണ്ട്, എന്തിന്റെയാ എന്ന് അറിയില്ലെന്ന് പറഞ്ഞു. അവർ തന്നെ പുഷ്പഗിരിയിലേക്ക് വിട്ടു. അവിടെ വച്ചാണ് അണലി വർഗത്തിന്റെ കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്.

ആദ്യം തലവേദന എന്നാണ് പറഞ്ഞത്. കുഞ്ഞിന്റെ തുണി കഴുകുമ്പോഴാണ് സംഭവമുണ്ടായത്. അപ്പോൾ കാലിന് വേദന ഒന്നും തോന്നിയില്ല. തലവേദന ഉണ്ടെന്ന് പറഞ്ഞെങ്കിലും, എപ്പോഴും തലവേദന ഉള്ളതിനാൽ കാര്യമാക്കിയില്ല. കുഞ്ഞിനെ ഉറക്കുകയും, എടുത്തോണ്ട് നടക്കുകയും എല്ലാം ചെയ്തിരുന്നു. പിന്നെയാണ് കാല് വേദന തുടങ്ങുന്നത്. പാവാടയുടെ മുകളിലൂടെ കടിയേറ്റത് കാരണമാണ് അറിയാതിരുന്നത്. ഇത് ശ്രദ്ധിക്കാത്തതാണ് വിഷം കയറാൻ കാരണമായത്. പാമ്പ് കടിയേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്’.

ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂർഖൻ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിർണായകമായി.

റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.

Read Also : ഉത്ര വധക്കേസ്; പ്രതി സൂരജ് പാമ്പുകളെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

2020 മെയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Story Highlights : sooraj about uthra murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here