Advertisement

ടി-20 റാങ്കിംഗ്: ഷഫാലിയെ പിന്തള്ളി ബെത്ത് മൂണി ഒന്നാമത്; സ്മൃതിയ്ക്ക് മൂന്നാം സ്ഥാനം

October 13, 2021
Google News 2 minutes Read
t20 ranking shafali verma

വനിതാ ടി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മയെ പിന്തള്ളി ഓസീസ് താരം ബെത്ത് മൂണി ഒന്നാമത്. അടുത്തിടെ സമാപിച്ച ഓസ്ട്രേലിയ-ഇന്ത്യ ടി-20 പരമ്പരയിലെ പ്രകടനങ്ങളാണ് ഇരുവരുടെയും റാങ്കിനെ സ്വാധീനിച്ചത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് മൂന്നാം സ്ഥാനത്ത്. (t20 ranking shafali verma)

പരമ്പരയിൽ ടോപ്പ് സ്കോററായിരുന്നു മൂണി. 2 ഇന്നിംഗ്സുകളിൽ നിന്ന് 95 റൺസാണ് ഓസീസ് താരം നേടിയത്. 754 ആണ് മൂണിയുടെ റേറ്റിംഗ്. മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 22 റൺസ് മാത്രം നേടാനായ ഷഫാലിയ്ക്കാവട്ടെ 726 റേറ്റിംഗുണ്ട്. പരമ്പരയിൽ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 70 റൺസ് സ്കോർ ചെയ്ത സ്മൃതി 709 റേറ്റിംഗോടെയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിംഗിനെ പിന്തള്ളിയാണ് സ്മൃതി സ്ഥാനം മെച്ചപ്പെടുത്തിയത്.

Read Also : സ്മൃതി മന്ദനയുടെ ഫിഫ്റ്റി പാഴായി; മൂന്നാം ടി-20യിൽ ഇന്ത്യക്ക് ദയനീയ പരാജയം

ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ അഞ്ചാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ജെസ് ജൊനാസനെ മറികടന്നാണ് ദീപ്തി അഞ്ചാമത് എത്തിയത്. 685 ആണ് ദീപ്തിയുടെ റേറ്റിംഗ്. സ്മൃതിയെക്കാൾ ഒരു റേറ്റിംഗ് മാത്രം പിന്നിലാണ് ജെസ്. ഇംഗ്ലണ്ടിൻ്റെ സോഫി എക്ലസ്റ്റൺ (771 റേറ്റിംഗ്), സാറ ഗ്ലെൻ (744) എന്നിവർ യഥാക്രമം ഒന്നാമതും രണ്ടാമതും തുടരുകയാണ്.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ മാറ്റമില്ല. ന്യൂസീലൻഡിൻ്റെ സോഫി ഡിവൈൻ (370 റേറ്റിംഗ്), ഇംഗ്ലണ്ടിൻ്റെ നതാലി സിവർ (362 റേറ്റിംഗ്), സ്കോട്‌ലൻഡിൻ്റെ കാതറിൻ ബ്രൈസ് (327 റേറ്റിംഗ്) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. ഇന്ത്യയുടെ ദീപ്തി ശർമ്മ (315) നാലാമതുണ്ട്.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. 14 റൺസിനാണ് ഇന്ത്യ ഓസീസിനോട് കീഴടങ്ങിയത്. ആദ്യം ബറ്റ ചെയ്ത ഓസ്ട്രേലിയ 150 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനേ സാധിച്ചുള്ളൂ. 52 റൺസെടുത്ത സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി നിക്കോള കാരി 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ 0-2 എന്ന സ്കോറിന് ഓസ്ട്രേലിയ ടി-20 പരമ്പര സ്വന്തമാക്കി.

Story Highlights : t20 ranking shafali verma 2nd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here