Advertisement

വില്ലേജ് ഓഫിസിൽ പോയി സർട്ടിഫിക്കറ്റുകൾക്കായി ഇനി കാത്തു നിൽക്കേണ്ട; എളുപ്പ വഴി ഉണ്ട് !

October 14, 2021
Google News 2 minutes Read
aadhar card services online

വില്ലേജ് ഓഫിസിന് മുന്നിൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി പോസ്റ്റടിച്ച് നിന്നത് ഓർമയില്ലേ ? നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, നോൺ ക്രീമി ലെയർ, ജാതി സർട്ടിഫിക്കേറ്റ് അങ്ങനെ എത്രയെത്ര സർട്ടിഫിക്കറ്റുകൾ. ഇതിനെല്ലാം പുറമെ ഈ രേഖകളെല്ലാം അറ്റസ്റ്റ് ചെയ്യിക്കാൻ, അഥവാ സാക്ഷ്യപ്പെടുത്താൻ ഗസറ്റഡ് ഓഫിസറെ തപ്പി നടക്കുകയും വേണം. ഇനിമുതൽ അതിന്റെയൊന്നും ആവശ്യമില്ല. സർക്കാർ സേവനങ്ങൾ കുറച്ചുകൂടി ലളിതമാവുകയാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം, ഒരു ആധാർ കാർഡോ, റേഷൻ കാർഡോ എന്തിന് കരണ്ട് ബില്ല് പോലും വിവിധ ഔദ്യോഗിക രേഖകളാകുകയാണ്. അതായത് ജാതി സർട്ടിഫിക്കറ്റിനായി ഇനി വില്ലേജ് ഓഫിസിൽ പോകേണ്ട മറിച്ച് എസ്എസ്എൽസി ബുക്ക് കാണിച്ചാൽ മതി. ഇങ്ങനെ, നമ്മുടെ കൈയിലുള്ള, ആധാർ കാർഡ്, റേഷൻ കാർഡ് പോലുള്ള എന്തൊക്കെ രേഖകൾ എന്തൊക്കെ സേവനങ്ങൾക്കായി ഉപയോഗിക്കാം എന്ന് നോക്കാം, അറിയാം 24 Explainer ലൂടെ… ( aadhar card services online )

ആധാർ കാർഡ്

ആദ്യം ആധാർ കാർഡിൽ നിന്ന് തന്നെ തുടങ്ങാം. 2009 ൽ രൂപം നൽകിയ പദ്ധതിയാണ് ആധാർ. 2010 ലാണ് ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് 2011 ഓടെ ഇത് പൂർണമായും നടപ്പിലാക്കി തുടങ്ങി. ആധാറിന്റെ വരവോടെ നിരവധി സേവനങ്ങൾക്കായി ആധാർ നമ്പർ ആവശ്യമായി വന്നു. ബാങ്ക് അക്കൗണ്ട്, പിഎഫ്, പാൻ കാർഡ് തുടങ്ങി എല്ലാ സേവനങ്ങളും ഇന്ന് ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.

ഇനി റസിഡൻസ് സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കേറ്റ്, എന്നിവയ്ക്ക് പകരം ഇനി ആധാർ കാർഡ് ഉപയോഗിക്കാം.

  1. റസിഡൻസ് സർട്ടിഫിക്കറ്റ്
  2. ബന്ധുത്വ സർട്ടിഫിക്കേറ്റ്

റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡിന് പുറമെ, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാലും മതി. ഇവ ഇല്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്.

അടുത്തത് ബന്ധുത്വ സർട്ടിഫിക്കറ്റാണ്. നമ്മൾ ഈ വ്യക്തിയുടെ മകനാണ്, അല്ലെങ്കിൽ മകളാണ്. നമ്മുടെ രക്ഷകർത്താകളും നമ്മളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രേഖ. അതാണ് ബന്ധുത്വ സർട്ടിഫിക്കറ്റ്. ബന്ധുത്വ സർട്ടിഫിക്കറ്റിന്റെ കാര്യത്തിലാണെങ്കിൽ ആധാറിന് പകരം, റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ജനനസർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറോ തഹസിൽദാറോ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

റേഷൻ കാർഡ്

ബന്ധുത്വ സർട്ടിഫിക്കറ്റിന് പകരം റേഷൻ കാർഡ് ഉപയോഗിക്കാമെന്ന് നേരത്തെ പറഞ്ഞല്ലോ. ഇതിന് പുറമെ കുടുംബാംഗത്വ സർട്ടിഫിക്കിറ്റിന് പകരവും റേഷൻ കാർഡ് ഉപയോഗിക്കാം.

അപേക്ഷകന്റെ റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽറേഷൻ കാർഡ് തന്നെ കുടുംബാംഗത്വ സർട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം. അല്ലാത്ത പക്ഷം മാത്രം വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

എസ്എസ്എൽസി ബുക്ക്

നമ്മടെ എസ്എസ്എൽസി ബുക്കിൽ മാർക്ക് മാത്രമല്ല, ജാതി, മതം, ജനനതിയതി തുടങ്ങി നമ്മുടെ അടിസ്ഥാന വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിവിധ രേഖകൾക്ക് പകരം ഇനി എസ്എസ്എൽസി ബുക്ക് ഉപയോഗിക്കാം.

  1. മൈനോറിറ്റി സർട്ടിഫിക്കറ്റ്
  2. ജാതി സർട്ടിഫിക്കറ്റ്
  3. മിശ്ര വിവാഹ സർട്ടിഫിക്കറ്റ്

എന്നിവയ്ക്ക് പകരം എസ്എസ്എൽസി ബുക്ക് ഉപയോഗിക്കാം.

അതിൽ ആദ്യം വരുന്നത് മൈനോറിറ്റി സർട്ടിഫിക്കറ്റാണ്. നിങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നതാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. അപേക്ഷകന്റെ എസ്എസ്എൽസി ബുക്ക് അല്ലെങ്കിൽ വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല.

മതം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ/ തഹസിൽദാർ എന്നിവർക്ക് ഓൺലൈനായോ അല്ലാതെയോ അപേക്ഷ നൽകേണ്ടി വരും. ഈ അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. അപേക്ഷകൻ സത്യവാങ്മൂലം കൂടി സമർപ്പിക്കണം.

അപേക്ഷകന്റെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ / തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ / അവരിലൊരാളുടെ എസ്.എസ്.എൽ.സി. ബുക്ക് / വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

മിശ്ര വിവാഹ സർട്ടിഫിക്കറ്റിന് പകരമായും എസ്എസ്എൽസി ബുക്ക് ഉപയോഗിക്കാം

ഭാര്യയുടെയും ഭർത്താവിന്റെയും എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. എന്നാൽ ഇതോടൊപ്പം സത്യവാങ്മൂലവും വേണ്ടി. പക്ഷേ, വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണ്ടി വരില്ല.

ജനന സർട്ടിഫിക്കറ്റ്

ജനന സർട്ടിഫിക്കേറ്റ് എല്ലാവരുടേയും കൈവശം ഉണ്ടാകുന്ന അടിസ്ഥാന രേഖയാണ്.

  1. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  2. ബന്ധുത്വ സർട്ടിഫിക്കറ്റ്

എന്നിവയ്ക്ക് പകരം ജനന സർട്ടഫിക്കറ്റ് ഉപയോഗിക്കാം.

കേരളത്തിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ചു വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ അവരെ നേറ്റീവായി പരിഗണിക്കും.

കേരളത്തിനു പുറത്തു ജനിച്ചവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ തന്നെ നൽകും. എന്നാൽ, ഓൺലൈനായി സ്വീകരിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം.

ജനനസർട്ടിഫിക്കറ്റിൽ ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറോ തഹസിൽദാറോ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

ലൈഫ് സർട്ടിഫിക്കറ്റിന് പകരം ജീവൻ പ്രമാൺ

ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ‘ജീവൻ പ്രമാൺ’ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.

വൺ ആന്റ് സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.

തിരിച്ചറിയൽ രേഖയില്ലെങ്കിൽ ?

p2c- തിരിച്ചറിയൽ രേഖയില്ലാത്ത പൗരന്മാർക്ക് ഗസറ്റഡ് ഓഫിസർ നൽകുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

വിദേശത്തേക്ക് പോകുന്നവർക്കായി

വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്കായി, ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം നൽകും. ഇതിനായി സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം നൽകും. ഇതുവഴി ബന്ധപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഓൺലൈനായി പരിശോധിക്കാൻ കഴിയും. ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. പരിശോധിച്ച ശേഷം അറ്റസ്റ്റേഷൻ പൂർത്തീകരിച്ച്, സേവനം ലഭ്യമാകേണ്ട വ്യക്തിയെ മുൻകൂട്ടി അറിയിച്ച് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകും.

ഒരോ ആവശ്യങ്ങൾക്കായി ഓരോ തവണയും സർട്ടിഫിക്കറ്റുകൾ തയാറാക്കാൻ ഓടി നടന്നിട്ടുണ്ട് നമ്മൾ. അതായത് രണ്ട് അപേക്ഷകൾ സമർപ്പിക്കാൻ ജാതി സർട്ടിഫിക്കറ്റ് ആവശ്യം വരുമ്പോൾ, രണ്ട് ജാതി സർട്ടിഫിക്കറ്റ് വേണമായിരുന്നു. കാരണം ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റ് മറ്റൊരിടത്ത് ഉപയോഗിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഇനി ഇതല്ല കഥ. ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റു സർക്കാർ ഓഫീസുകളിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

എത്ര കാലം ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം എന്നത് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിഷ്‌കർഷിക്കാം. എന്നാൽ ഇവ ഏറ്റവും കുറഞ്ഞത് ഒരു വർഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് / ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് സർട്ടിഫിക്കറ്റിൽ ഇനി മുതൽ രേഖപ്പെടുത്തുകയില്ല എന്ന് ചുരുക്കം.

ഇതിലൊന്നും ഉൾപ്പെടാത്ത ചില സർട്ടിഫിക്കറ്റുകൾ

ഇനി ഇതിലൊന്നും ഉൾപ്പെടാത്ത ചില സർട്ടിഫിക്കറ്റുകളുണ്ട്. അത്തരം സർട്ടിഫിക്കറ്റുകൾക്കായി ആധാർ, റേഷൻ കാർഡ് പോലുള്ള നമ്മുടെ കൈയിലുള്ള ഒരു രേഖയും ഉപയോഗിക്കാൻ പറ്റില്ല. വില്ലേജ് ഓഫിസിൽ പോയി സർട്ടിഫിക്കറ്റുകൾ തയാറാക്കുക തന്നെ വേണം.

എസ്.സി.എസ്.ടി. വിഭാഗങ്ങൾക്ക് നിയമപ്രകാരം നൽകുന്ന സർട്ടിഫിക്കറ്റ്

ഇ.ഡബ്ല്യൂ.എസ്. സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ്

അതിലൊന്ന് ഇ.ഡബ്ല്യൂ.എസ്. സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റാണ്. മറ്റൊന്ന് എസ്.സി.എസ്.ടി. വിഭാഗങ്ങൾക്ക് നിയമപ്രകാരം നൽകുന്ന സർട്ടിഫിക്കറ്റ്. ഇവ രണ്ടും നിലവിലുള്ള രീതി തന്നെ തുടരും. സേവനങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കിൽ ഭേദഗതി വരുത്തുമെന്നാണ് സർക്കാർ പറയുന്നത്.

ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപ്പെടുത്തൽ

രേഖ തയാറാക്കുന്നതിലും ബുദ്ധിമുട്ടാണ് ഒരു ഗസറ്റഡ് ഓഫിസറെ കണ്ടെത്തി അത് അറ്റസ്റ്റ് ചെയ്യിക്കാൻ. അഥവാ സാഖ്യപ്പെടുത്താന്. എന്നാൽ ഇനി വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥൻ / നോട്ടറി എന്നിവർ സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കിയിരിക്കുകയാണ്. രേഖകളുടെ / സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സെൽഫ് അറ്റസ്റ്റ് അഥവാ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.

അപേക്ഷാ ഫീസ്

സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാ ഫീസ് തുടരും.

Story Highlights : aadhar card services online

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here