‘ഫിറ്റ്‌നസ് എന്നാൽ കോൺഫിഡൻസ്’; ഇത് ജിനുവിന്റെ വെയിറ്റ്‌ലോസ് ചലഞ്ച്

ഫിറ്റ്‌നസ് എന്നാൽ കോൺഫിഡൻസ് എന്ന് കൂടിയാണെന്ന് ജിനു ബെൻ തിരിച്ചറിഞ്ഞത് കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ്. ഒരു ഘട്ടത്തിൽ എഴുപത് കടന്ന ശരീരഭാരം ഇന്ന് 55 ൽ എത്തി ജിനുവിന്റെ കൺട്രോളിലാണ്. ജിമ്മിലെ കഠിന വർക്കൗട്ടുകളോ വ്യായാമ മുറകളോ ജിനു പരീക്ഷിച്ചില്ല. പകരം കൃത്യമായ ഡയറ്റ് പ്ലാൻ വേണ്ട സമയത്ത് ഉപയോഗിച്ചു എന്നു മാത്രം. അഞ്ച് മാസം കൊണ്ട് ഒൻപത് കിലോയാണ് ജിനു കുറച്ചത്. ഒരോ ദിവസത്തേയും വെയിറ്റ് ലോസ് ജിനുവിന്റെ ആത്മവിശ്വാസം കൂട്ടി. അമൽ നീരദ് ചിത്രം ‘കുള്ളന്റെ ഭാര്യ’യിൽ കണ്ട ജിനുവല്ല ഇന്ന് പ്രേക്ഷകർക്ക് മുന്നിലുളളത്. (Jinu Ben fitness challenge)

കുള്ളൻ ലുക്ക് വരാൻ വെയിറ്റ് കൂട്ടി, പക്ഷേ കൂടിയ ഭാരം പിന്നെ കുറഞ്ഞില്ല
മുൻപൊക്കെ മെലിഞ്ഞിട്ടായിരുന്നുവെന്ന് ജിനു പറയും. ‘കുള്ളന്റെ ഭാര്യ’യിൽ അഭിനയിക്കാൻ വേണ്ടിയാണ് തടി കൂട്ടിയത്. കുള്ളന്റെ പൊക്കക്കുറവ് എടുത്തുകാട്ടാൻ തടിച്ച ശരീരം വേണമെന്ന് സംവിധായകനാണ് പറഞ്ഞത്. അൽഫാമും മിൽക്ക് ഷേക്കുമൊക്കെ കഴിച്ച് മൂന്ന് മാസം കൊണ്ട് തടി കൂട്ടി. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി, തീയറ്റർ പ്രദർശനവും കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ജിനുവിന്റെ തടി കൂടിയതല്ലാതെ കുറഞ്ഞില്ല. ഒരുപാട് നാൾ മെലിഞ്ഞിരുന്നിട്ട് തടിവയ്ക്കാൻ ഒരു കാരണം കിട്ടിയപ്പോൾ നല്ലതെന്നു കരുതി ജിനു മൈൻഡ് ചെയ്തില്ല.
Read Also : അന്ന് കുള്ളന്റെ ഭാര്യയിലെ ‘കുള്ളൻ’; ഇന്ന് ആരെന്നറിയുമോ ?

ആദ്യ ലോക്ക് ഡൗൺ കാലത്ത് സ്വന്തം നാടായ കോട്ടയത്തും ഭാര്യയുടെ നാടായ കോഴിക്കോട്ടുമാണ് ജിനുവും കുടുംബവും സമയം ചെലവഴിച്ചത്. എട്ട് മാസത്തോളം നാട്ടിലുണ്ടായിരുന്നു. ഈ സമയത്താണ് വണ്ണം ഒരു പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞത്. വയറ് ചാടിയതും നാല് വയസുകാരൻ മകൻ ഡാനിയുടെ പിന്നാലെ ഓടാൻ പറ്റാത്തതും കുനിയുമ്പോഴുള്ള പ്രശ്‌നങ്ങളും ജിനുവിനെ ചിന്തിപ്പിച്ചു. എന്നാൽ വ്യായാമം ചെയ്ത് തടി കുറയ്ക്കുക എന്നത് ജിനുവിനെ സംബന്ധിച്ചിടത്തോളം ആലോചിക്കാൻ പറ്റാത്ത കാര്യമായിരുന്നു.

ഫുഡ് ഹണ്ടർ സാബു വഴി ഡാനി മാപ്പാലയിലേക്ക്
തടികുറയ്ക്കാൻ എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സുഹൃത്ത് ഫുഡ് ഹണ്ടർ സാബു വഴി ഡാനി മാപ്പാലയെക്കുറിച്ച് അറിയുന്നത്. അങ്ങനെ തടി കുറയ്ക്കുക എന്ന ലക്ഷ്യവുമായി ജിനു, ഡാനിയെ ഫോണിൽ ബന്ധപ്പെട്ടു. ആദ്യം തന്നെ ജിനു തന്റെ ഫിറ്റ്‌നസ് നയം ഡാനിയോട് വ്യക്തമാക്കി. ‘ എന്നെക്കൊണ്ട് പണിയെടുപ്പിക്കാമെന്ന് പ്രതീക്ഷിക്കേണ്ട, ഡയറ്റ് പ്ലാൻ ആണെങ്കിൽ നോക്കാം’, ഇതാണ് ജിനു പറഞ്ഞത്. അത് കേട്ട് ഡാനി നമുക്ക് നോക്കാമെന്നാണ് പറഞ്ഞത്. ജിനുവിന് ധൈര്യം നൽകുകയും ചെയ്തു. അങ്ങനെ ജനുവരി പതിനെട്ടിന് ജിനു തന്റെ ഫിറ്റ്‌നസ് യാത്രക്ക് തുടക്കമിട്ടു. കുടവയറുള്ള ഒരു ചിത്രം ഡാനിക്ക് അയച്ചു നൽകി. 65 കിലോയായിരുന്നു ആ സമയം ജിനുവിന്റെ ഭാരം.

നൂറ് ശതമാനവും വിശ്വാസത്തിലെടുത്തു
ഒരോരുത്തരുടേയും ഉയരത്തിനും തൂക്കത്തിനും അനുസരിച്ചുള്ള വ്യത്യസ്ത പ്ലാനുകളാണ് ഡാനി നിർദേശിക്കുന്നത്. അങ്ങനെ ജിനുവിനും തന്റെ ഉയരത്തിനും തൂക്കത്തിനും അനുസരിച്ചുള്ള പ്ലാൻ ഡാനി നിർദേശിച്ചു. വെയിറ്റ് ലോസ് പ്ലാനിന്റെ ഭാഗമാകുന്ന എൺപത് ശതമാനം ആളുകളും അത് പൂർണമായും പാലിക്കണമെന്നില്ല. എന്നാൽ ജിനു, ഡാനി നിർദേശിച്ച കാര്യങ്ങൾ നൂറ് ശതമാനവും പാലിച്ചു. വ്യായാമം ഇല്ലാതെ, ശരീരത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഡയറ്റ്. ഒരോ ദിവസവും നൂറും ഇരുന്നൂറും ഗ്രാം ഭാരം കുറഞ്ഞു. അതോടെ ഈ ഡയറ്റ് പ്ലാൻ തുടരാനുള്ള ആത്മവിശ്വാസം കൂടി. രണ്ട് മാസം കൂടുമ്പോൾ മറ്റൊരു ഡയറ്റ് പ്ലാൻ നിർദേശിക്കും. നിയന്ത്രിതമായ അളവിലുള്ള ചപ്പാത്തി, ഗ്രിൽഡ് ചിക്കൻ, പനീർ, വൈറ്റ് റൈസ്, പൈനാപ്പിൾ, ഗ്രീൻ ടീ ഇതെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ചോക്കലേറ്റ്, ഷുഗർ, റെഡ് മീറ്റ് (ബീഫ്, പോർക്ക്), എണ്ണ പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. അഞ്ച് മാസം കൊണ്ട് 65 ൽ നിന്ന് 55 ൽ എത്തി. ഒരാഴ്ചയ്ക്കുള്ളിൽ ഭാര്യ അശ്വതിയും ഡയറ്റ് പ്ലാനിൽ ചേർന്നു. അപ്പോൾ കാര്യങ്ങൾ എളുപ്പമായി. ഭാര്യയും ഒൻപത് കിലോ ഭാരം കുറച്ചു.
Read Also : ഏഴ് വർഷങ്ങൾക്ക് ശേഷം ആ ‘കുട’ മടക്കി ജിനു വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു

സിക്‌സ് പാക്ക് ആയിരുന്നില്ല ലക്ഷ്യം
സിക്‌സ് പാക്ക് ജിനു ഒരിക്കലും ലക്ഷ്യംവച്ചിട്ടില്ല. അങ്ങനെ ഒരു ലക്ഷ്യം വരുമ്പോഴാണ് ജിമ്മിൽ പോയി കഠിനമായി വർക്കൗട്ട് ചെയ്യേണ്ടി വരുന്നത്. ശ്വാസംമുട്ട്, നെഞ്ചെരിച്ചിൽ പോലുള്ള ചെറിയ പ്രശ്‌നങ്ങൾ മാറ്റിയെടുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. എപ്പോഴും ചെറുപ്പമായി ഇരിക്കുകയാണ് വേണ്ടതെന്ന് ജിനു പറയുന്നു.

ഫിറ്റ്‌നസിന് ജിനുവിന് നൽകാനുള്ള നിർവചനം
ഫിറ്റ്‌നസ് പ്ലാൻ ഒരു കപ്പിൾ ഗോളായി എടുക്കണമെന്നാണ് ജിനുവിന്റെ അഭിപ്രായം. ഭാര്യയും ഭർത്താവും ഒരുമിച്ച് ചെയ്യുകയാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. തന്നെ സംബന്ധിച്ചിടത്തോളം ഭാര്യയുടെ സപ്പോർട്ടുള്ളതുകൊണ്ടാണ് ഈ ഡയറ്റ് പ്ലാൻ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ജിനു പറയുന്നു. ആരോഗ്യപ്രശ്‌നങ്ങൾ മൂലം കിടന്നുറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ അത് മാറുക എന്നതാണ് തന്നെ സംബന്ധിച്ചിത്തോളം ഫിറ്റ്‌നസ്. വയറു കുറഞ്ഞതുകൊണ്ട് മാത്രം താൻ ചെയ്ത ചില കാര്യങ്ങളുണ്ടെന്ന് ജിനു പറയുന്നു. അതിൽ ഒന്നാണ് സ്‌കൂബ ഡൈവിംഗ്. മുൻ കാലങ്ങളിൽ സ്‌കൂബ ഡൈവിംഗ് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ സ്യൂട്ടിൽ വയറ് ചാടിയ തന്നെ കാണാൻ താത്പര്യമില്ലാത്തതുകൊണ്ട് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇന്ന് താൻ അത് ചെയ്യുന്നുണ്ടെങ്കിൽ അതിന് കാരണം ഫിറ്റ്‌നസ് കൊണ്ട് നേടിയെടുത്ത കോൺഫിഡൻസാണെന്നും ജിനു പറഞ്ഞുവയ്ക്കുന്നു.

Story Highlights : Jinu Ben fitness challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here