കോൺഗ്രസ് സഹകരണത്തിൽ എതിർപ്പുമായി സംസ്ഥാന ഘടകങ്ങൾ; സിപിഐഎം കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയിൽ എതിർപ്പറിയിച്ചു

കോൺഗ്രസുമായുള്ള സഹകരണത്തിൽ സിപിഐഎമ്മിലെ ഭൂരിഭാഗം സംസ്ഥാന ഘടകങ്ങൾക്കും എതിർപ്പ്. കേന്ദ്ര കമ്മിറ്റിയിലെ ചർച്ചകളിലാണ് എതിർപ്പറിയിച്ചത്. പ്രതിപക്ഷ ഐക്യത്തെ നയിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് പഞ്ചാബ്, ത്രിപുര, അസം ഘടകങ്ങൾ പറയുന്നു. വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപ രേഖ തയാറാക്കാൻ ചേർന്ന യോഗത്തിലും ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്.
പ്രധാനമായും കേരള ഘടകം തന്നെയാണ് കോൺഗ്രസുമായി സഹകരിക്കുന്നതിനെതിരെ ശക്തമായി എതിർത്തത്. നാൾക്കുനാൾ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്. ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണ്. വർഗീയതയെ ചെറുക്കാൻ ഒരു നിലപാട് കോൺഗ്രസിനില്ലെന്നും പലപ്പോഴും വർഗീയതയോട് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യുന്നു തുടങ്ങിയ കടുത്ത വിമർശനങ്ങളാണ് കേരളത്തിൽ നിന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ഉന്നയിച്ചത്. ആന്ധ്രാപ്രദേശ്, തെലങ്കാന,പഞ്ചാബ്, യു പി,അസം ഉൾപ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലെ നേതാക്കളും കേരളത്തിന്റെ നിലപാടിനോട് ഒപ്പമായിരുന്നു.
Read Also : കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച നയം തീരുമാനിക്കല്‍; സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍
അതേസമയം സീതാറാം യച്ചൂരിക്കൊപ്പം ബംഗാൾ നേതാക്കൾ ഉറച്ചു നിന്നു. ഹൈദരാബാദ് പാർട്ടി കോൺഗ്രസ് നയം മാറ്റേണ്ടതില്ലെന്ന് ബംഗാൾ ഘടകം അഭിപ്രായപ്പെട്ടു. ബി ജെപി ശക്തി പ്രാപിക്കുന്ന യാതാർഥ്യം കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രതിപക്ഷ ഐക്യം ശക്തമാക്കാനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും ബംഗാൾ ഘടകം വ്യക്തമാക്കി.
Story Highlights : Congress – Cpim