തിരുവനന്തപുരത്ത് മിശ്രവിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന് ക്രൂര മർദനം

വ്യത്യസ്ത മത വിഭാഗങ്ങളിൽ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. മിഥുനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പെൺകുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മർദിച്ചത്. മിഥുനും ദീപ്തിയും ചെറിയൻകീഴ് സ്വദേശികളാണ്. 29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ദീപ്തിയുടെ വീട്ടിൽ വിവാഹത്തോട് എതിർപ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരൻ വിളിച്ചുകൊണ്ട് പോകുന്നത്. തുടർന്ന് മിഥുനെ ക്രൂരമായി മർദിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നു.
Read Also : മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍
ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മർദനത്തിൽ മിഥുന്റെ തലയ്ക്കും, നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് കേസെടുത്തു.
Story Highlights : youth attacked for interfaith marriage