Advertisement

വിഷ്ണു വിനോദിന്റെ പോരാട്ടം പാഴായി; കേരളത്തിന് രണ്ടാം തോൽവി

November 6, 2021
Google News 2 minutes Read
kerala lost railways mushtaq

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. റെയിൽവേസിനെതിരെ 6 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേയ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുക്കാനേ സാധിച്ചുള്ളൂ. 62 റൺസെടുത്ത വിഷ്ണു വിനോദാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. റെയിൽവേയ്സിനായി യുവരാജ് 4 വിക്കറ്റ് നേടി. (kerala lost railways mushtaq)

നിശ്ചിത ഇടവേളകളിൽ റെയിൽവേയ്സിൻ്റെ വിക്കറ്റുകളിട്ട് കേരളം സ്കോർബോർഡ് പിടിച്ചുനിർത്തിയെങ്കിലും അവസാന ഓവറുകളിൽ കളി കൈവിടുകയായിരുന്നു. കെഎം ആസിഫിന് രണ്ട് ഓവർ മാത്രം കൊടുത്ത മാനേജ്മെൻ്റിൻ്റെ തീരുമാനം വിചിത്രമായി. അവസാനത്തിൽ 6 പന്തുകൾ നേരിട്ട് 19 റൺസ് നേടിയ ശുഭം ചൗബേയുടെ ഫിനിഷിംഗ് ആണ് റെയിൽവേയ്സിനെ 140 കടത്തിയത്. കേരളത്തിനായി എസ് മിഥുൻ 3 വിക്കറ്റ് വീഴ്ത്തി.

Read Also : ഉത്തപ്പയ്ക്ക് ഫിഫ്റ്റി; വെടിക്കെട്ടുമായി സഞ്ജു: കേരളത്തിന് തകർപ്പൻ ജയം

മറുപടി ബാറ്റിംഗിൽ കേരളത്തിൻ്റെ മുൻനിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. ഉത്തപ്പ ഇല്ലാതെയിറങ്ങിയ കേരളത്തിനായി രോഹൻ കുന്നുമ്മലാണ് അസ്‌ഹറുദ്ദീനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. രോഹൻ (10), അസ്‌ഹറുദ്ദീൻ (6), ജലജ് സക്സേന (0), സഞ്ജു സാംസൺ (6) എന്നിവരൊക്കെ വേഗം പുറത്തായി. മൂന്നാം നമ്പറിൽ സഞ്ജുവിനു പകരം ജലജിനെ ഇറക്കാനുള്ള തീരുമാനം തിരിച്ചടിയായി. അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്നാണ് കേരളത്തെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 70 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയെങ്കിലും സച്ചിൻ ബേബിയുടെ മെല്ലെപ്പോക്ക് കേരളത്തിനു തിരിച്ചടിയായി. 27 പന്തുകൾ നേരിട്ട മുൻ ക്യാപ്റ്റന് 25 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.

ഇതിനിടെ തകർപ്പൻ ബാറ്റിംഗുമായി വിഷ്ണു വിനോദ് കേരളത്തിനു പ്രതീക്ഷ നൽകി. 34 പന്തുകളിൽ 50 റൺസ് നേടിയ താരം ഉജ്ജ്വല ഫോമിലായിരുന്നു. റോജിത്ത് കെജി (7) വേഗം പുറത്തായെങ്കിലും 10 പന്തുകളിൽ 21 റൺസെടുത്ത് പുറത്താവാതെ നിന്ന മനു കൃഷ്ണൻ വിഷ്ണുവിനൊപ്പം ചേർന്ന് ജയത്തിനായി പോരാടി. എന്നാൽ, റെയിൽവേയ്സിൻ്റെ സ്കോറിന് 6 റൺസ് അകലെ വരെ എത്താനേ അവർക്ക് സാധിച്ചുള്ളൂ. 43 പന്തിൽ 4 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 62 റൺസെടുത്ത വിഷ്ണുവും പുറത്താവാതെ നിന്നു.

തോൽവിയോടെ 3 മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള കേരളം പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റെയിൽവേയ്സ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

Story Highlights : kerala lost railways syed mushtaq ali trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here