ജെര്‍മന്‍ ഷെപേര്‍ഡ് മുതല്‍ പേര്‍ഷ്യന്‍ ക്യാറ്റ് വരെ; വളര്‍ത്തുമൃഗങ്ങളെ ക്യാന്‍വാസിലാക്കി ലാഞ്ചനയുടെ പെറ്റ് പോര്‍ട്രേയ്റ്റ്

വളര്‍ത്തുമൃഗങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി മനോഹരമായ ദൃശ്യങ്ങളൊരുക്കുകയാണ് പെറ്റ് പോര്‍ട്രേയ്റ്റ് ആര്‍ട്ടിസ്റ്റായ ലാഞ്ചന അനൂപ്. ജര്‍മ്മന്‍ ഷെപേര്‍ഡ്, സൈബീരിയന്‍ ഹസ്‌കി, പഗ്, പോമെറേ, ബീഗിള്‍, പേര്‍ഷ്യന്‍ ക്യാറ്റ് തുടങ്ങി കുതിര വരെയുണ്ട് ലാഞ്ചനയുടെ ചിത്രങ്ങളില്‍…

വ്യത്യസ്തമാണെന്നു കരുതി ചെയ്യുന്ന പല കാര്യങ്ങളും ഒരു പക്ഷേ ചിന്തിക്കുന്നതിനുമപ്പുറം വിജയിച്ചേക്കും. അത്തരത്തിലൊരു ചിന്തയാണ് കൊച്ചി സ്വദേശി ലാഞ്ചനയുടേത്.. വളര്‍ത്തുമൃഗങ്ങളുടെ ഛായാചിത്രങ്ങളാണ് ലാഞ്ചനയുടെ കലാസൃഷ്ടി. ചലച്ചിത്ര നിര്‍മാണ രംഗത്തും ബിസിനസ് രംഗത്തും സജീവമായ എവിഎ ഗ്രൂപ്പ് എംഡി ഡോ.എ.വി അനൂപിന്റെ മകളാണ് ലാഞ്ചന. ബിസിനസ് കുടുംബത്തിലെ അംഗമാണെങ്കിലും കലാരംഗത്തും മികവ് തെളിയിച്ച് മുന്നേറുകയാണ് ഈ കലാകാരി.

വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവരും പരിപാലിക്കുന്നവരും ലാഞ്ചനയെ സമീപിക്കുന്നത് തങ്ങളുടെ പെറ്റ്‌സിന്റെ ഇഷ്ടമുള്ള ചിത്രങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്താനാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. അഡ്രസ് നല്‍കി ഓര്‍ഡര്‍ ചെയ്താല്‍ ഇന്ത്യയിലെവിടെയും ലാഞ്ചനയുടെ പെറ്റ് പോര്‍ട്രേയ്റ്റുകളെത്തും. അയച്ചുകൊടുക്കുന്നത് ക്വാളിറ്റിയുള്ള ഫോട്ടോകളാകണം എന്നതുമാത്രമേ നിബന്ധനയുള്ളൂ.

‘വ്യത്യസ്തമായ ബ്രീഡുകളെ വരയ്ക്കാന്‍ ആദ്യമേ താത്പര്യമുണ്ടായിരുന്നു. വിദേശ രാജ്യങ്ങളില്‍ പെറ്റ്‌സിനെ വളര്‍ത്തുന്നത് പോലെ തന്നെ അവയുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതും കൂടുതലാണ്. ഇന്ത്യയില്‍ പെറ്റ്‌സ് ആര്‍ട്‌സ് അത്ര സ്വീകാര്യമല്ല. ഈയടുത്ത് മാത്രമാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് അത്ര പ്രാധാന്യം കൊടുക്കുകയും അവയുടെ ഛായാചിത്രങ്ങള്‍ വരക്കുന്നതുമെല്ലാം കൂടുതലായി വരുന്നത്’. ലാഞ്ചന പറയുന്നു.

പെറ്റ്‌സിനെ വരയ്ക്കാന്‍ ലൈറ്റ്ഫാസ്റ്റ് കളര്‍ പെന്‍സില്‍സിലുകളാണ് ഉപയോഗിക്കുന്നത്. ഇഷ്ടമുള്ളതിനെ ക്യാന്‍വാസിലേക്ക് പകര്‍ത്തുക എന്നതിനൊപ്പം പ്രിയപ്പെട്ടവരുടെ പിന്തുണയും കൂടെയുണ്ടെങ്കില്‍ ഏത് വിനോദവും ജീവിതത്തിന്റെ സ്ഥിരംഭാഗമാക്കാവുന്നതാണ്. പെറ്റ്‌സിനെ ഇഷ്ടപ്പെടുന്നതുപോലെ ചിത്രരചനയും ഇഷ്ടപ്പെടുന്നവര്‍ക്ക് മാതൃകയാക്കാവുന്ന വരുമാനമാര്‍ഗം കൂടിയാണിത്.

‘ചെറുപ്പത്തില്‍ ചിത്രരചന പഠിക്കാനൊക്കെ പോയിട്ടുണ്ടെങ്കിലും അതെപ്പഴോ നിന്നുപോയി. പ്രൊഫഷനലായി ചിത്രരചന പഠിച്ചിട്ടില്ല. കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ വന്നതോടെ ഒരുപാട് സമയം കിട്ടി. അങ്ങനെയാണ് പെറ്റ്‌സ് ഡ്രോയിംഗ് സീരിയസായി വരച്ചുതുടങ്ങുന്നത്. പിന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുതുടങ്ങിയതോടെ ഒത്തിരിപേര്‍ അഭിനന്ദിച്ചു. പലരും അവരുടെ പെറ്റ്‌സിന്റെ ചിത്രങ്ങള്‍ അയച്ചുതന്നുതുടങ്ങി. അങ്ങനെയാണ് തുടക്കം. പക്ഷേ ഇപ്പോഴും ഫുള്‍ടൈം ചിത്രരചനയിലേക്ക് മാറിയിട്ടില്ല’.

വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ലാഞ്ചനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ബന്ധപ്പെട്ടാല്‍ പ്രിയപ്പെട്ട പെറ്റ്‌സുകളുടെ ചിത്രം മനോഹരമായി ഫ്രെയിമുകളിലെത്തും….

Story Highlights : pet portrait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here