ഇന്നത്തെ പ്രധാന വാർത്തകൾ(10-11-21)
ന്യൂന മർദം ശക്തി പ്രാപിക്കുന്നു; മലയോര മേഖലകളിൽ മഴ കനത്തേക്കും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിഴായ്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട്, മലപ്പുറം , ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് , വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാർ റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രിം കോടതിയിൽ എതിർപ്പുയർത്താൻ തമിഴ്‌നാട്
മുല്ലപ്പെരിയാറിൽ റൂൾ കർവ് പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് സുപ്രിംകോടതിയിൽ എതിർക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന റൂൾ കർവ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്നാട് എതിർക്കുന്നത്. പുതിയ അണക്കെട്ടാണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. നാളെയാണ് മുല്ലപ്പെരിയായർ വിഷയം സുപ്രിംകോടതി പരിഗണിക്കുക.
തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷം; 16 ജില്ലകളിൽ റെഡ് അലർട്ട്
തമിഴ്‌നാട്ടിൽ മഴക്കെടുതി രൂക്ഷം. വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ വൻ നാശനഷ്ടമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. ദേശീയ ദുരന്ത നിവാരണ സേന സംഘം രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.
കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത് സംഭവം; 938 സ്‌കൂളുകളിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായി
കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷാംശം കലർന്ന മിഠായി വിതരണം ചെയ്തത് തിരുവനന്തപുരം ,കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണ് കണ്ടെത്തി. മാത്രമല്ല 938 സ്‌കൂളുകളിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായിയെന്നും കണ്ടെത്തി. സപ്ലെകോയുടെ തിരുവനന്തപുരം ഡിപ്പോയാണ് വിതരണത്തിനായി കപ്പലണ്ടി മിഠായി വാങ്ങിയത്.
സ്കൂളിലെ ഉച്ചഭക്ഷണം; പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയാകുന്നു
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയാകുന്നു. ബാച്ചുകൾ ആക്കി സ്കൂളുകൾ പ്രവർത്തിക്കുന്നതും, അഞ്ചിൽ നിന്ന് ആറായി പ്രവർത്തി ദിവസങ്ങൾ കൂട്ടിയതും അധിക ചെലവിനു കാരണമായി. അഞ്ചു വർഷം മുമ്പ് നിശ്ചയിച്ച തുകയാണ് ഓരോ കുട്ടിക്കും ഉച്ചഭക്ഷണത്തിനായി സർക്കാർ ഇപ്പോഴും നൽകുന്നത്.
ലഖിംപൂർ ഖേരി കേസ്: ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിരീകരണം
ലഖിംപൂർ കേസിലെ പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി സ്ഥിതികരിച്ചു. ഫോറൻസിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കർഷകർക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ട്. (Lakhimpur shot Ashish Mishra)
മുല്ലപ്പെരിയാർ മരം മുറിക്കൽ; സർക്കാർ ജനങ്ങളെ കബളിപ്പിച്ചു, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: വി ഡി സതീശൻ
മരം മുറിക്കൽ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം. മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സഭയിൽ തിരുത്തിയതിന് മുമ്പ് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത് അവകാശ ലംഘനമാണ്. സംയുക്ത പരിശോധന ഉന്നതാധികാര സമിതി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രിയുടെ മറുപടി സഭയെ അവഹേളിക്കുന്നതും ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്നതുമാണ്. സുപ്രിംകോടതിയിൽ കേരളത്തിന്റെ കേസ് ഇല്ലാതാകുന്നെന്നും അദ്ദേഹം പറഞ്ഞു
സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തിയുള്ള സമരം; ഫാസിസ്റ്റ് നടപടി വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ നേരിടുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എം മുകേഷ് എംഎൽഎയുടെ സബ്മിഷനിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
Story Highlights : Todays Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here