Advertisement

സൂര്യന് എത്തിപ്പെടാൻ പറ്റാത്ത നാട്; പരിഹാരവുമായി ഒരു “അത്ഭുത കണ്ണാടി”

November 18, 2021
Google News 2 minutes Read

സൂര്യപ്രകാശം എത്തിനോക്കാത്തൊരു നഗരം. നമുക്ക് ഇത് കേൾക്കുമ്പോൾ അത്ഭുതമാണെങ്കിലും ഇങ്ങനെയുള്ള പട്ടണങ്ങളും ഈ ലോകത്തുണ്ട്. അങ്ങനെയൊരു സ്ഥലമാണ് വിഗാനെല്ല. യൂറോപ്പിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മലകളാൽ ചുറ്റപ്പെട്ട ഈ നഗരത്തിൽ ശൈത്യകാലമായാൽ മാസങ്ങളോളം സൂര്യപ്രകാശം ലഭിക്കില്ല. ഇറ്റലിയുടെയും സ്വിറ്റ്സർലൻഡിന്റെയും അതിർത്തിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കാത്തതുകൊണ്ട് ഇവിടുത്തുകാർ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. സഹിക്ക വയ്യാതായപ്പോൾ ഈ നഗരം വിട്ട് ഇതിൽ പലരും മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. എങ്കിലും ഇതിൽ ഭൂരിഭാഗം പേരും സ്വന്തം സ്ഥലം വിട്ടു പോകാൻ മനസില്ലാത്തവരാണ്.

അങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം തേടി ജനങ്ങളും അധികാരികളും ഇറങ്ങി പുറപ്പെട്ടു. സൂര്യപ്രകശം ഇങ്ങോട്ടേക്ക് എത്തിക്കാനുള്ള എല്ലാ വഴികളും അവർ തേടി. അങ്ങനെ ഒരിക്കലും സൂര്യവെളിച്ചം എത്താതിരുന്ന ആ പട്ടണത്തിലേക്ക് സൂര്യപ്രകാശം എത്തി. എങ്ങനെ എന്നല്ലേ? നോക്കാം…

ശൈത്യകാലത്താണ് ഇവിടുത്തുകാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ സമയത്ത് സൂര്യപ്രകാശം ഇങ്ങോട്ടേക്ക് തീരെ പ്രവേശിക്കില്ല. അവിടുത്തുകാർക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രതിസന്ധി ചെറുതല്ല. പതിമൂന്നാം നൂറ്റാണ്ടു മുതൽ ഇവിടെ ജനവാസം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രിയനഗരം വിട്ടുപോകാൻ ഇവർക്ക് ആകില്ല എന്നതാണ് സത്യം. എന്തുകൊണ്ടാണ് ഈ പ്രദേശത്ത് സൂര്യപ്രകാശം എത്താത്തത്? ആയിരം മീറ്ററോളം ഉയരമുള്ള രണ്ട് മലകൾക്കിടയിലുള്ള താഴ്വരയിലാണ് ഈ പട്ടണം ഉള്ളത്. ഈ മലകളാണ് സൂര്യപ്രകാശത്തെ തടഞ്ഞു നിർത്തുന്നത്. മല നികത്തുക എന്നത് ഒരിക്കലും സ്വീകാര്യമായ പരിഹാരമല്ല. പ്രകൃതിയ്ക്ക് കോട്ടം വരുത്തി കൊണ്ടുള്ള നടപടിയ്ക്ക് ഇവിടുത്തുകാരും അധികാരികളും തയ്യാറായിരുന്നില്ല. അതുകൊണ്ടുള്ള ദോഷഫലങ്ങളും ഏറെയാണ്.

അങ്ങനെ അധികാരികൾ ബുദ്ധിപരമായൊരു തീരുമാനത്തിലെത്തി. സൂര്യപ്രകാശത്തിന് തടസ്സം നിൽക്കുന്ന മലകൾക്കിടയിൽ ഒരു കണ്ണാടി സ്ഥാപിക്കുക. അങ്ങനെ ഈ രണ്ട് മക്കൾക്കും ഇടയിൽ 500 മീറ്റർ ഉയരമുള്ള വലിയൊരു കണ്ണാടി സ്ഥാപിച്ചു. അങ്ങനെയാണെങ്കിൽ ശൈത്യകാലത്തും ഇങ്ങോട്ടേക്ക് പ്രകാശം ലഭിക്കും. ജിയാകോമോ ബോൺസാനി, ജിയാനി ഫെരാരി എന്നീ എൻജിനീയർമാരാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അങ്ങനെ ഒരിക്കലും സൂര്യപ്രകാശം ലഭിക്കില്ല എന്ന് കരുതിയ ഇവിടുത്തുകാർക്കിടയിലേക്ക് അതും സാധ്യമായി. ഇവരുടെ ഈ ആശയത്തിന് അധികാരികൾ അനുമതി നൽകി. ഒട്ടും താമസിയാതെ എട്ടു മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുള്ള കണ്ണാടി ഈ മലയിടുക്കുകളിൽ സ്ഥാപിച്ചു.

Read Also : ഒൻപത് നൂറ്റാണ്ടിന്റെ പഴക്കം; കണ്ടാലോ സ്വർണക്കോട്ട പോലെ…

ഈ കണ്ണാടി ആ പട്ടണത്തിലേക്ക് പ്രകാശം പ്രതിഫലിപ്പിച്ചു. ഒപ്പം അവിടുത്തുകാരുടെ ജീവിതത്തിലേക്കും. ഒരു ലക്ഷം യൂറോയാണ് ഈ പദ്ധതിയ്ക്കായി ചെലവാക്കിയത്. സൂര്യന്റെ ദിശമാറ്റത്തിനനുസരിച്ച് ചലനം നിയന്ത്രിക്കാനുള്ള സോഫ്റ്റ്‌വെയറും മറ്റു സംവിധാനങ്ങളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ സൂര്യപ്രകാശത്തെ പോലെയല്ലെങ്കിലും വിഗാനെല്ല സ്വദേശികളുടെ പ്രശ്നത്തിന് പരിഹാരമാകാൻ ഈ കണ്ണാടിയ്ക്ക് സാധിച്ചു. ഇതുപോലെ സൂര്യപ്രകാശം ലഭിക്കാത്ത മറ്റു സ്ഥലങ്ങളും ഈ ആശയം കടമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story Highlights: Viganella the village without sun which created its own

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here