Advertisement

പൂജാരക്കെതിരായ വംശീയാധിക്ഷേപം; ക്ഷമ ചോദിച്ച് ജാക്ക് ബ്രൂക്സ്

November 19, 2021
Google News 2 minutes Read
Jack Brooks racist Pujara

ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരക്കതിരായ വംശീയാധിക്ഷേപത്തിൽ ക്ഷമ ചോദിച്ച് സോമർസെറ്റ് പേസർ ജാക്ക് ബ്രൂക്സ്. 2012 ൽ നടന്ന സംഭവത്തിനാണ് ബ്രൂക്സ് ഇപ്പോൾ ക്ഷമ ചോദിച്ചിരിക്കുന്നത്. യോർക്‌ഷെയറിൻ്റെ താരമായിരുന്ന ബ്രൂക്സ് സഹതാരമായിരുന്ന പൂജാരയെ ‘സ്റ്റീവ്’ എന്നായിരുന്നു വിളിച്ചിരുന്നത്. വെളുത്ത വർഗക്കാരല്ലാത്ത താരങ്ങളെ വിളിക്കുന്ന പേരാണ് സ്റ്റീവ്. ആ സമയത്ത് ചെയ്ത ട്വീറ്റുകളിലും ബ്രൂക്സ് ഈ പേര് ഉപയോഗിച്ചിരുന്നു. ഇതിനും താരം ക്ഷമ ചോദിച്ചു. വാർത്താകുറിപ്പിലൂടെയാണ് ബ്രൂക്സ് ഇക്കാര്യം അറിയിച്ചത്. യോർക്‌ഷെയറിലെ വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം അസീം റഫീഖ് നടത്തിയ വെളിപ്പെടുത്തലിലാണ് ബ്രൂക്സിൻ്റെ പേരും ഉയർന്നുവന്നത്. (Jack Brooks racist Pujara)

‘സ്റ്റീവ് എന്ന് വിളിച്ചിരുന്നത് അവരുടെ ശരിയായ പേരുകൾ ഉച്ചരിക്കാൻ പ്രയാസമായതിനാലായിരുന്നു. ഡ്രസിംഗ് റൂമിൽ മുൻപ് ഇത് പതിവായിരുന്നു. അതിന് വംശീയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ പേര് വിളിച്ചത് ഞാൻ സമ്മതിക്കുന്നു. അത് അപമര്യാദ ആയിരുന്നു. അങ്ങനെ ചെയ്യരുതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. പൂജാരയോട് ഞാൻ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. ആ സമയത്ത് അതൊരു വംശീയ പരാമർശമാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ, അത് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.”- ബ്രൂക്സ് പറഞ്ഞു.

Read Also : നായയ്ക്ക് കെവിൻ എന്ന് പേരിട്ടതിനു പിന്നിൽ വംശീയ വിദ്വേഷമില്ല: അലക്സ് ഹെയിൽസ

കൗണ്ടി ക്ലബായ യോർക്‌ഷെയറിൽ കളിച്ചിരുന്ന സമയത്ത് തനിക്ക് നേരിട്ട വംശീയാധിക്ഷേപങ്ങളെപ്പറ്റി അസീം റഫീഖ് കൂടുതൽ കാര്യങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ക്ലബിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് വംശീയവെറി നേരിടേണ്ടി വന്നു എന്ന വെളിപ്പെടുത്തലിനു പിന്നാലെ ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സ്പോർട്സ് കമ്മറ്റി നടത്തിയ ഹിയറിങ്ങിലാണ് അസീം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പലപ്പോഴും വികാരധീനനായാണ് അസീം സംസാരിച്ചത്. മുൻ ഇംഗ്ലൻ്റ് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ, യോർക്‌ഷെയർ മുൻ ക്യാപ്റ്റനും ഇംഗ്ലണ്ട് താരവുമായ ഗാരി ബല്ലൻസ് എന്നിവർക്കെതിരെയൊക്കെ അസീം വംശീയാധിക്ഷേപ പരാതി ഉന്നയിച്ചു.

കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു ലഭിച്ചത് 1000ലധികം വംശീയാധിക്ഷേപ പരാതികളെന്നാണ് റിപ്പോർട്ട്. അസീം റഫീഖിൻ്റെ തുറന്നുപറച്ചിലിനു പിന്നാലെയാണ് കൂടുതൽ ആളുകൾ പരാതിയുമായി രംഗത്തെത്തിയത്. ടെലഗ്രാഫ് ആണ് വാർത്ത പുറത്തുവിട്ടത്.

Story Highlights: Jack Brooks apologizes racist Cheteshwar Pujara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here