ആദ്യ ടെസ്റ്റിൽ ശ്രേയാസ് അയ്യർ അരങ്ങേറും: അജിങ്ക്യ രഹാനെ

ന്യൂസീലൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ യുവതാരം ശ്രേയാസ് അയ്യർ കളിക്കുമെന്ന് സ്ഥിരീകരിച്ച് താത്കാലിക ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ശ്രേയാസ് കളിക്കുമെന്ന് വാർത്താസമ്മേളനത്തിലാണ് രഹാനെ സ്ഥിരീകരിച്ചത്. ഇത് താരത്തിൻ്റെ അരങ്ങേറ്റ മത്സരമാവും. നാളെ മുതൽ കാൺപൂരിലാണ് മത്സരം ആരംഭിക്കുക. ( shreyas iyer debute test tomorrow new zealand)
ഹനുമ വിഹാരിക്ക് പകരമാണ് ശ്രേയാസ് അയ്യരെ ടീമിൽ പരിഗണിച്ചത്. മധ്യനിരയിൽ അല്പം കൂടി ആക്രമിച്ച് കളിക്കുന്ന ഒരു താരത്തെ ആവശ്യമുണ്ട് എന്നതായിരുന്നു ശ്രേയാസിനെ ടീമിൽ എത്തിച്ചതിൽ സെലക്ടർമാരുടെ വിശദീകരണം. എന്നാൽ, ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്ന താരത്തെ ഒരു കാരണവുമില്ലാതെ പുറത്താക്കിയതിൽ സെലക്ടർമാർക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.
Read Also : സൂര്യകുമാർ യാദവിനെ ന്യൂസീലൻഡീനെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്
പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയും ന്യൂസീലൻഡും കളിക്കുക. ഡിസംബർ മൂന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം ആരംഭിക്കുക. ഈ മത്സരത്തിൽ വിരാട് കോലി തിരികെയെത്തി ഇന്ത്യൻ ടീമിനെ നയിക്കും. കോലിക്കൊപ്പം ടി-20 നായകൻ രോഹിത് ശർമ്മയ്ക്കും ബിസിസിഐ വിശ്രമം അനുവദിച്ചു. രോഹിതിന് പരമ്പരയിൽ നിന്ന് തന്നെ വിശ്രമം അനുവദിച്ചിട്ടുണ്ട്.
കോലി, രോഹിത് എന്നിവർക്കൊപ്പം, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിച്ചു. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ. ബാക്കപ്പായി ആന്ധ്രാപ്രദേശ് വിക്കറ്റ് കീപ്പർ ബാറ്റർ കെഎസ് ഭരത് ടീമിലെത്തി. ഭരതിനൊപ്പം മുംബൈ ബാറ്റർ ശ്രേയാസ് അയ്യർ, കർണാടക പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഹരിയാന ഓൾറൗണ്ടർ ജയന്ത് യാദവ്, ഗുജറാത്ത് ഓൾറൗണ്ടർ അക്സർ പട്ടേൽ എന്നിവരും ടീമിൽ ഇടം നേടി. കഴിഞ്ഞ ദിവസം ലോകേഷ് രാഹുൽ പരുക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. രാഹുലിനു പകരം സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തി.
ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന അവസാന മത്സരത്തിൽ 73 റൺസിനായിരുന്നു ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കിവീസ് 17.2 ഓവറിൽ 111 റൺസിന് ഓൾ ഔട്ട് ആയി.
Story Highlights : shreyas iyer debute test tomorrow new zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here