തിരുവനന്തപുരത്ത് മലയോര മേഖലകളില്‍ കനത്ത മഴ; എട്ടുകുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. വെള്ളറട കുരിശുമല അടിവാരത്ത് മലവെളളപ്പാച്ചിലുണ്ടായതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്തുനിന്ന് എട്ടോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.
പലയിടങ്ങളിലും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും വെള്ളത്തിനടയിലായി. ആര്യനാട് കൊക്കോട്ടേല ആയിരവല്ലി ക്ഷേത്രത്തിന് സമീപം ഉരുള്‍പൊട്ടിയെന്നാണ് സംശയം. ജില്ലയില്‍ വിതുര, പാലോട്, നെടുമങ്ങാട് മേഖലകളില്‍ മഴ തുടരുകയാണ്. ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിന് മുന്നിലെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിനിടെ തിരുവനന്തപുരത്ത് റോഡിലെ കുഴിയില്‍ വീണ് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്നിലെ റോഡിലെ കുഴിയിലാണ് ബൈക്ക് യാത്രക്കാര്‍ വീണത്.
മഴ തുടരുന്നതിനിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് വീണ്ടും വെള്ളമെടുത്തുതുടങ്ങി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തില്‍ വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് രാവിലെ നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും വെള്ളം കൊണ്ടുപോയി തുടങ്ങിയത്.
Read Also : കനത്ത മഴ; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളില്‍ യെല്ലോ അലേര്‍ട്ട്. നാളെ എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.
Story Highlights : heavy rain, thirvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here