‘അയാൾ പറഞ്ഞത് നുണ’: ബലോൻ ദ് ഓർ മേധാവിക്കെതിരെ റൊണാൾഡോ

ഫ്രാൻസ് ഫുട്‌ബോൾ എഡിറ്റർ-ഇൻ-ചീഫ് പാസ്‌കൽ ഫെറെയ്‌ക്കെതിരെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ കുറിച്ച് ഫെറെ നുണ പറയുകയാണെന്ന് റൊണാൾഡോ ഇൻസ്റ്റാഗ്രാമിലൂടെ പ്രസ്താവിച്ചു. ബലോൻ ദ് ഓർ ആഗ്രഹിക്കുന്നില്ലെന്നും തന്റെ ടീമിനെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും റൊണാൾഡോ പറഞ്ഞു.
ലയണൽ മെസിയേക്കാൾ കൂടുതൽ ബലോൻ ദ് ഓർ നേടി വിരമിക്കുകയാണ് തന്റെ ആഗ്രഹമെന്ന് റൊണാൾഡോ പറഞ്ഞിരുന്നതായി ബലോൻ ദ് ഓർ ചീഫ് പാസ്‌കൽ ഫെറെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം രംഗത്തുവന്നത്. ഫെറെ സ്വയം പ്രമോട്ട് ചെയ്യാനും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തെ പ്രോത്സാഹിപ്പിക്കാനും തന്റെ പേര് ഉപയോഗിച്ചു എന്ന റൊണാൾഡോ കുറ്റപ്പെടുത്തി.
ഫ്രാൻസ് ഫുട്‌ബോളിനെയും ബലോൻ ദ് ഓറിനേയും ബഹുമാനിക്കുന്ന ഒരാളോട് തികഞ്ഞ അനാദരവാണ് ഉണ്ടായിരിക്കുന്നത്. അഭിമാനകരമായ സമ്മാനം നൽകുന്ന ഒരു വ്യക്തി ഈ രീതിയിൽ കള്ളം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും റൊണാൾഡോ പറഞ്ഞു. തനിക്ക് വേണ്ടിയും തനറെ ക്ലബ്ബുകൾക്കുവേണ്ടിയും വിജയിക്കണം. തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടിയും ജയിക്കും. ക്ലബ്ബുകൾക്കും ദേശീയ ടീമിനുമായി ദേശീയ അന്തർദേശീയ കിരീടങ്ങൾ നേടുക എന്നതാണ് കരിയറിലെ ഏറ്റവും വലിയ അഭിലാഷമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
Story Highlights : Ronaldo slams Ballon d’Or chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here