Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (02-12-2021)

December 2, 2021
Google News 1 minute Read
dec 2 news round up

പെരിയ ഇരട്ടക്കൊല; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു ( dec 2 news round up )

പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു. നിലവില്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കെ വി കുഞ്ഞിരാമന്‍.

‘പത്രപരസ്യം പരിഭ്രാന്തി സൃഷ്ടിക്കാൻ’; റിസർവ് ബാങ്കിന് മറുപടി നൽകി സഹകരണ വകുപ്പ്

സഹകരണ സംഘങ്ങൾക്കെതിരെ ആർബിഐ പുറത്തിറക്കിയ പത്രപരസ്യം പരിഭ്രാന്തി സൃഷ്ടിക്കാനാണെന്ന് സഹകരണ വകുപ്പ്. ആർബിഐ പരാമർശങ്ങൾ സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും വിമർശനമുണ്ട്. കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരണ്ടിയിൽ സഹകരണ സംഘങ്ങളില്ലെന്നും സഹകരണ സംഘം നിക്ഷേപത്തിന് ഗ്യാരണ്ടിക്കായി കേരളത്തിൽ നിയമമുണ്ടെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി. സഹകരണ സംഘം രജിസ്ട്രാർ പിബി നൂഹ് റിസർവ് ബാങ്ക് ജനറൽ മാനേജർക്ക് ഇതെല്ലാം വിശദീകരിച്ചുകൊണ്ട് കത്ത് നൽകി.

‘മുഖ്യമന്ത്രി വിളിച്ചിരുന്നു, ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു’; പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് സമസ്ത

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തും.

മുന്നറിയിപ്പില്ലാതെ വെള്ളം ഒഴുക്കിയതിനെതിരെ കേരളം; തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വിഷയത്തില്‍ രാഷ്ട്രീയമല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യം. നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള എല്ലാ നടപടികളും കേരളം സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍; ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി ഡീന്‍ കുര്യാക്കോസ് എംപി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് നീക്കങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എംപിയും എന്‍കെ പ്രേമചന്ദ്രന്‍ എംപിയും ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. നോട്ടിസിന് അവതരണാനുമതി ലഭിച്ചാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യും. സഭ നിര്‍ത്തിവെച്ച് മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു

മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു. ഒരു ഷട്ടർ 10 സെൻറീമീറ്റർ മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പിൽ മാറ്റമില്ല. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുകയാണ്.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; വീടുകളില്‍ വെള്ളം കയറി; പ്രതിഷേധവുമായി നാട്ടുകാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രതിഷേധം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. തീരത്തുള്ള വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.

Story Highlights : dec 2 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here