Advertisement

ഒമിക്രോൺ: ദക്ഷിണേന്ത്യയിൽ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി

December 4, 2021
Google News 2 minutes Read
Omicron Defense measures strengthened

കർണാടകയിൽ കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി. തമിഴ്നാട്ടിൽ വിദേശത്ത് നിന്നെത്തിയ പത്തുവയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വകഭേദം കണ്ടെത്താനായി ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നു ലഭിച്ചേക്കും. ഇവർക്കൊപ്പം യാത്ര ചെയ്ത ബന്ധുക്കളെയും അടുത്ത സീറ്റുകളിൽ ണ്ടായിരുന്നവരെയും ക്വാറന്റീനിലാക്കി. (Omicron Defense measures strengthened)

രാജ്യത്ത് ആദ്യമായി കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നെത്തുന്നവരെ പരിശോധിയ്ക്കാൻ തമിഴ്നാടും തീരുമാനിച്ചു. അതിർത്തിയായ ഹൊസൂരിൽ യാത്രക്കാരെ ശരീര താപനില പരിശോധിച്ച ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നത്. ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Read Also : ഡൽഹിയിൽ ഒമിക്രോൺ ഭീതി; 12 പേർ ആശുപത്രിയിൽ

ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ ബെംഗളൂരുവിൽ നിന്ന് രാജ്യം വിട്ടത് സംബന്ധിച്ച് സംബന്ധിച്ച് അന്വേഷിയ്ക്കാൻ പൊലിസിന് നിർദ്ദേശം നൽകി. രണ്ട് ആർടിപിസിആർ പരിശോധനകളിൽ, ഒന്ന് നെഗറ്റീവും ഒരെണ്ണം പൊസിറ്റീവും ആയതിലെ വൈരുധ്യമാണ് അന്വേഷിക്കുക. നെഗറ്റീവ് സർട്ടിഫിക്കറ്റ് വച്ചാണ് ദക്ഷിണാഫ്രിക്കൻ പൗരൻ ദുബായിലേയ്ക്ക് പോയത്. ഒമിക്രോൺ സ്ഥിരീകരിച്ച ബെംഗളൂരുവിലെ 46 കാരനായ ഡോക്ടർക്ക് യാത്രാ ചരിത്രം ഇല്ലാത്തത് ആരോഗ്യവകുപ്പിനെ വലയ്ക്കുന്നുണ്ട്. ഇയാളുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന അഞ്ച് പേർക്ക് നേരത്തെ കൊവിഡ് കണ്ടെത്തിയിരുന്നു. ഇവരുടെ സ്രവവും വകഭേദം കണ്ടെത്താനായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന 12 യാത്രക്കാരെ ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വാർഡിൽ 8 രോഗികളാണ് ഉണ്ടായിരുന്നത്. ഇന്നലെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ എണ്ണം 12ലെത്തി. നാല് പേരിൽ രണ്ട് പേർ ഇംഗ്ലണ്ടിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും മറ്റൊരാൾ ഹോളണ്ടിൽ നിന്നുമാണ് രാജ്യത്ത് എത്തിയത്. ഈ 12 പേരുടെയും സാമ്പിളുകൾ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

അതേസമയം, ഒമിക്രോണിൽ ഭീതി വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഒമിക്രോൺ ബാധിതരുടെ സമ്പർക്കപ്പട്ടിക ശേഖരിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും വാക്‌സിനേഷൻ വേഗത വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Story Highlights : Omicron Defense measures strengthened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here