ലക്ഷ്മൺ ഡിസംബർ 13ന് എൻസിഎ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്; അണ്ടർ 19 ലോകകപ്പിനുള്ള ടീമിനൊപ്പം ചേരും

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ ഡിസംബർ 13ന് സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ട്. ഇന്നലെ നടന്ന വാർഷിക ജനറൽ മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനിച്ചത്. ലക്ഷ്മണിനൊപ്പം ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളുടെ മുൻ ബൗളിംഗ് പരിശീലകനായിരുന്ന ട്രോയ് കൂലി എൻസിഎ ബൗളിംഗ് പരിശീലകനാവും. മുൻ എൻസിഎ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായതിനു പിന്നാലെയാണ് ലക്ഷ്മണെ ആ സ്ഥാനത്ത് നിയമിച്ചത്.
“ലക്ഷ്മണുമായുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞു. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരമാവും ലക്ഷ്മണിൻ്റെ അവസാന മാധ്യമ ജോലി. ഡിസംബർ 13 മുതൽ അദ്ദേഹം എൻസിഎയിൽ ഉണ്ടാവും. അണ്ടർ- 19 ലോകകപ്പിനായി അദ്ദേഹം വെസ്റ്റ് ഇൻഡീസിൽ ഉണ്ടാവും.”- ബിസിസിഐ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു.
ദ്രാവിഡും ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധവും ഇരുവരുമായി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിക്കുള്ള ബന്ധവും ലക്ഷ്മണെ എൻസിഎ തലവനാക്കാനുള്ള തീരുമാനത്തിൽ നിർണായകമായി. എൻസിഎ, ബിസിസിഐ, ഇന്ത്യൻ ടീം എന്നീ ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ബാറ്റിംഗ് ഉപദേശകനാണ് ലക്ഷ്മൺ. എൻസിഎ തലവൻ ആകുന്നതോടെ താരം സ്ഥാനമൊഴിയും.
Story Highlights : VVS Laxman join NCA head December 13
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here