Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (7/12/21)

December 7, 2021
Google News 2 minutes Read
Today Headlines

ഇടുക്കി ഡാം തുറന്നു; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്

ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടർ ഉയർത്തിയത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

മുല്ലപ്പെരിയാർ; തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ കേരളത്തിലെ എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും

മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എം പി മാർ പാർലമെന്റിൽ ഇന്ന് ധാരണ നടത്തും. പാർലമെന്റ് കവാടത്തിൽ രാവിലെ പത്ത് മണിമുതലാണ് ധർണ. തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികൾ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.

കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല; സ്‌പെഷ്യൽ പേ അനുവദിക്കണമെന്ന ആവശ്യത്തിലുറച്ച് ഐഎഎസ് അസോയിയേഷൻ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ(കെഎഎസ്) ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ മാറ്റമില്ല. 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്. എന്നാൽ ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും.
കെഎഎസ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കൂടുതലാണെന്ന് ആരോപിച്ച് ഐഎഎസ് അസോയിയേഷൻ നടത്തിയ പ്രതിഷേധം ഫലം കണ്ടില്ല.

മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിൽ. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് സൂചന. രാത്രികാലങ്ങളിൽ മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്ന തമിഴ്നാട് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. (mullaperiyar dam supreme court)

വഖഫിലെ പി.എസ്.സി നിയമനം ഉടൻ നടപ്പാക്കില്ല; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സമസ്ത. എല്ലാ സംഘടനകളുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശങ്ക പൂർണ്ണമായി മാറിയില്ലെങ്കിലും പ്രതീക്ഷയുണ്ടെന്ന് ആലിക്കുട്ടി മുസ്‌ലിയാർ വ്യക്തമാക്കി. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു

ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. രാവിലെ 40 സെൻ്റിമീറ്റർ തുറന്ന ഷട്ടർ 60 സെൻ്റിമീറ്ററാക്കി ഉയർത്തി. സെക്കൻഡിൽ 60000 ലിറ്റർ വെള്ളമാണ് നിലവിൽ പുറത്തേക്കൊഴുകുന്നത്. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് അടിക്കടി മഴയുണ്ടാകുന്നുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കാനുള്ള സാധ്യതയുണ്ട്.

സന്ദീപ് കുമാർ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ ഉൾപ്പടെ കൂടുതൽ പേരെ പ്രതിചേർത്തേക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി അറിയാൻ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. (sandeep kumar murder police)

സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന് ;ഭാവി സമരപരിപാടികൾ ചർച്ചയാകും

ഭാവി സമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്. കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പതിനൊന്നിന് സിംഘുവിലാണ് യോഗം ചേരുക. സർക്കാരുമായി ചർച്ച ചെയ്യാൻ അഞ്ച് മുതിർന്ന കർഷക നേതാക്കളുടെ സമിതിയെ കിസാൻ മോർച്ച നിയോഗിച്ചിരുന്നു.

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് സ്‌കൂളിന് നേരെ

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കൂൾ ആക്രമിച്ചു. വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ ബജ്രംഗ്ദൾ,വി എച്ച്പി പ്രവർത്തകരാണെന്നാണ് ആരോപണം.

Story Highlights : Today Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here