Advertisement

വറ്റിവരണ്ട ഭൂമിയും പട്ടിണിയിലായ ജനങ്ങളും; കണ്ണീരിന്റെ കഥ പറയുന്ന മഡഗാസ്കർ….

December 8, 2021
Google News 1 minute Read

ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളാണ് ഇന്ന് നമ്മൾ നേരിടുന്നത്. പ്രകൃതിയ്ക്ക് സംഭവിച്ച നിരവധി കോട്ടങ്ങളും സംഭവ വികാസങ്ങളും വിരൽ ചൂണ്ടുന്നത് ഇതേ പ്രശ്നങ്ങളിലേക്ക് തന്നെയാണ്. പ്രകൃതി ഭംഗിയിലും മനോഹരമായ കാഴ്‌ചകളുടെ പേരിലും വൈവിധ്യമാർന്ന ജൈവ വൈവിധ്യങ്ങളുടെ പേരിലും വളരെ പ്രസിദ്ധമായ സ്ഥലമാണ് മഡഗാസ്കർ. എന്നാൽ ഇന്ന് ആ രാജ്യം അവിടെ നടക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിലാണ് വർത്തകളിൽ ഇടം നേടുന്നത്. ഇന്ന് മഡഗാസ്കറിലെ ജനങ്ങൾ ഒരു തുള്ളി കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ്. മരതക ഭൂമിയെന്ന് അറിയപെട്ട മഡഗാസ്കറിന്റെ ഇന്നത്തെ അവസ്ഥ നമുക്ക് വിശ്വസിക്കാൻ സാധിക്കുന്ന ഒന്നല്ല. വെറും മൂന്ന് വർഷം കൊണ്ടാണ് മഡഗാസ്കർ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടത്. വറ്റി വരണ്ടുണങ്ങിയ മഡഗാസ്കർ നമുക്ക് നൽകുന്ന മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്.

എന്താണ് മഡഗാസ്കർ നേരിടുന്ന വെല്ലുവിളികൾ. പരിശോധിക്കാം….

പച്ചപ്പും വൈവിധ്യമാർന്ന ജീവജാലങ്ങളും താഴ്വരകളും കാടും മലയും കൊണ്ടെല്ലാം സമൃദ്ധമായ മഡഗാസ്കറിനെ എട്ടാം ഭൂഖണ്ഡമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ആ നല്ല സമയത്തിന് മഡഗാസ്കർ വിടപറയുന്ന അവസ്ഥയാണ് ഇന്ന് അവിടെ നിലവിലുള്ളത്. ഇന്ന് അവിടെ ഉള്ളവർ ഭക്ഷണത്തിനായും വെള്ളത്തിനായും അലഞ്ഞ് നടക്കുകയാണ്. അവിടം വിട്ട് മറ്റു പ്രദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണവും നിരവധിയാണ്. കാലാവസ്ഥ വ്യതിയാനം ആ രാജ്യത്തെ തകിടം മറിച്ചിരിക്കുന്നു. ആ രാജ്യം നേരിട്ടതിൽ വെച്ച ഏറ്റവും വലിയ വരൾച്ചയാണ് ഇന്ന് അവിടുത്തുകാർ നേരിടുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ മഴ പെയ്തിട്ടില്ല എന്നതും എത്ര ഭീകരമായ അവസ്ഥയിലൂടെയാണ് ആ രാജ്യം കടന്നു പോകുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ്. 1981 നു ശേഷം ഇപ്പോഴാണ് രാജ്യം ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ജലക്ഷാമം കൃഷിയെ കൂടെ ബാധിച്ചതോടെ കടുത്ത ഭക്ഷ്യക്ഷാമവും ഈ രാജ്യം നേരിടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഒന്നര ലക്ഷത്തോളം പേരാണ് ഇവിടെ പട്ടിണിയിലായത്. വരും വർഷങ്ങളിൽ ഇതിന്റെ എണ്ണം ഇരട്ടിയാകുമെന്നാണ് കണക്കുകൾ.

സാമ്പത്തികമായും ഇവിടുത്തുകാർ അങ്ങേയറ്റം കഷ്ടത അനുഭവിക്കുകയാണ്. വില്പന സ്ഥാപനങ്ങളിൽ സാധനങ്ങൾ ഉണ്ടെങ്കിൽ പോലും പണമില്ലാത്തതിനാൽ ഒന്നും വാങ്ങാൻ സാധിയ്ക്കാത്ത അവസ്ഥയാണ്. ശുദ്ധജല ലഭ്യത കുറവും പോഷകാഹാര കുറവും ഇവിടുത്തെ ആളുകളുടെ ആരോഗ്യസ്ഥിതിയെയും കാര്യമായി ബാധിച്ചു. ഇവിടുത്തെ ജനസംഖ്യയിൽ 43 ശതമാനവും കുട്ടികളാണ് എന്നുള്ളത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.

Read Also : ഏറ്റവും ചെലവേറിയ നഗരമായി ടെൽ അവീവ്; ചെലവ് കുറഞ്ഞ നഗരത്തിൽ ഏഴാം സ്ഥാനത്ത് അഹമ്മദാബാദും…

കുറെ വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടുത്തെ കാലാവസ്ഥ വ്യതിയാനങ്ങളും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യപെടുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാകുകയല്ലാതെ അതിനൊരു പരിഹാരം കാണാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. രാജ്യം നേരിട്ട ആഗോളതാപനം ഇപ്പോഴത്തെ കാലാവസ്ഥാവ്യതിയാനങ്ങൾക്ക് കാരണം. ഇതാകട്ടെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തീരദേശ പ്രദേശങ്ങളെ ആയിരിക്കും. തീരദേശ പ്രദേശമായ മഡഗാസ്കറിനെ ഇത് എത്രത്തോളം ബാധിക്കുമെന്നത് വ്യക്തമാണ്. അതിന്റെ ഗുരുതര വശങ്ങൾ വ്യക്തമാക്കണമെങ്കിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവിടെ നടന്ന പ്രകൃതി ദുരന്തങ്ങളിലൂടെ ഒരു എത്തിനോട്ടം മതി. ഇന്ന് മഡഗാസ്കർ ആണെങ്കിലും നാളെ ഏതു രാജ്യവുമാകാം. പ്രകൃതി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് പ്രകൃതി തന്നെ ഓർമിപ്പിക്കുമ്പോൾ ഏത് കടമയിൽ നിന്നാണ് നമ്മൾ ഒളിച്ചോടാൻ ശ്രമിക്കുന്നത്.

Story Highlights : Madagascar facing Environment Issues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here